കുറുവ സംഘങ്ങൾ ഇറങ്ങിയിരിക്കുകയല്ലേ? പൊലീസിന്റെ ഈ നമ്പർ പ്രത്യേകം ഓർമ്മിച്ചോളൂ, 100 മാത്രമല്ല
കൊല്ലം: അസമയങ്ങളിലെ അസ്വാഭാവിക സാഹചര്യങ്ങളിൽ 112 ഡയൽ ചെയ്‌താൽ ഏറ്റവും അടുത്തുള്ള പൊലീസ് പാർട്ടി ഉടൻ ലൊക്കേഷനിലെത്തും. കുറുവ സംഘങ്ങളുടെ പേരിൽ നാട്ടിൽ ഭീതി പടരുമ്പോൾ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഉണർന്നിരിക്കുകയാണ് പൊലീസ്.
ഫോൺ കോൾ ലഭിച്ചാൽ സംഭവ സ്ഥലത്ത് എത്താനെടുക്കുന്ന പരമാവധി സമയം അര മണിക്കൂറാണ്. അസ്വാഭാവിക സാഹചര്യങ്ങളിൽ വീടിന് പുറത്ത് ഇറങ്ങരുതെന്നും വാതിലുകൾ സുരക്ഷിതമായി അടച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും പൊലീസ് പറയുന്നു. വീടിനകത്ത് മോഷ്‌ടാവ് കയറിയാൽ കുടംബാംഗങ്ങൾ ഒരു മുറിയിൽ കയറി വാതിൽ സുരക്ഷിതമായി അടയ്ക്കുക. അകത്ത് കയറിയ മോഷ്‌ടാവിനെ നേരിടാൻ ശ്രമിക്കരുത്. ഒരു തവണ വിളിച്ച പൊലീസിനെ വീണ്ടും വിളിച്ചാൽ പ്രശ്‌മനാകുമോയെന്ന് കരുതരുത്. സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് വീണ്ടും വിളിക്കാമെന്നും പൊലീസ് പറയുന്നു.
പൊലീസ് സ്ഥലത്ത് എത്തിയാൽ ഇല്ലാത്ത മോഷ്‌ടാവിനെ കാണിച്ചുകൊടുക്കേണ്ടത് വിളിച്ചയാളുടെ ബാദ്ധ്യതയല്ല. തെറ്റായ വിവരം നൽകിയതിന് ഒരു സാഹചര്യത്തിലും വിളിച്ച ആളോട് പൊലീസ് മോശമായി പെരുമാറില്ല. കുറുവ സംഘങ്ങളുടെ പേരിൽ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കർണാടകയിൽ നിന്നുള്ളതാണെന്നും ഇത് തനിയെ താമസിക്കുന്നവരിൽ ഭയമുളവാക്കുന്നതാണെന്നും പൊലീസ് പറയുന്നു.
Source link