ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഇഡി നടപടി; ധന്യ മേരി വർഗീസിന്റെ ഒന്നര കോടി വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി
കൊച്ചി: നടിയും ബിഗ്ബോസ് താരവുമായ ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിനെ തുടർന്നാണ് താരത്തിന്റെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങൾ ഇഡി കണ്ടുകെട്ടിയത്.പട്ടത്തേയും കരകുളത്തെയും ഒന്നര കോടി വിലമതിക്കുന്ന ഭൂമിയിലാണ് നടപടി. ധന്യയുടെ ഭർത്താവും നടനുമായ ജോണിന്റെ പിതാവ് ജേക്കബിന്റെ ഉടമസ്ഥയിലുളളതാണ് ഭൂമി.
വർഷങ്ങൾക്ക് മുൻപാണ് നൂറ് കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ധന്യയെയും ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാംസൺ ആൻഡ് സൺസ് ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പൊലീസ് അന്ന് കസ്റ്റഡിയിലെടുത്തത്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റെ ഡയറക്ടറാണ് ജോൺ. കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യ. ഇരുവർക്കും പുറമെ സഹോദരൻ സാമുവലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പുകേസുകളിലൊന്നായിരുന്നു സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റേത്. ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളികളുൾപ്പെടെ നിരവധി പേരിൽ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമിച്ച് നൽകിയില്ലെന്നായിരുന്നു പ്രധാന പരാതി.
Source link