സർക്കാർ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിൻഡെ; നാടകീയ നീക്കം- Maharashtra in Limbo: Government Formation Stalls as Eknath Shinde Cancels MeetingsLatest News, Malayalam News | Manorama Online | Manorama News
സർക്കാർ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിൻഡെ; നാടകീയ നീക്കം
ഓൺലൈൻ ഡെസ്ക്
Published: November 29 , 2024 04:27 PM IST
1 minute Read
ഏക്നാഥ് ഷിൻഡെ
മുംബൈ∙ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ യോഗവും അവസാന നിമിഷം ഉപേക്ഷിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പായിരിക്കെയാണ് നാടകീയ സംഭവം. ഏക്നാഥ് ഷിൻഡെ സത്താറയിലെ തന്റെ ഗ്രാമത്തിലേക്ക് പോയെന്നും അദ്ദേഹം തിരിച്ചെത്തിയതിനു ശേഷം യോഗങ്ങൾ നടക്കുമെന്നുമാണ് വിവരം. ഷിൻഡെയുടെ പെട്ടെന്നുള്ള പദ്ധതി സർക്കാർ രൂപീകരണ ചർച്ചകളിൽ അദ്ദേഹം അസംതൃപ്തനാണെന്ന ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിലെ നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഇന്നലെ വൈകിട്ട് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുംബൈയിൽ യോഗം ചേരാനിരുന്നത്. സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനു താൻ തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും എടുക്കുന്ന തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും ഷിൻഡെ ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ ധാരണയായതായി രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു. എന്നാൽ ചില മന്ത്രിസ്ഥാനങ്ങളുടെ കാര്യങ്ങളിലാണ് പ്രതിസന്ധി തുടരുന്നത്.
രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോർമുല ഇത്തവണയും തുടരാനാണ് ധാരണ. എന്നാൽ ഷിൻഡെക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് താൽപര്യമില്ല. ആഭ്യന്തര വകുപ്പ് ബിജെപി നിലനിർത്താനും അജിത് പവാറിന്റെ എൻസിപി ധനകാര്യം നിലനിർത്താനും സാധ്യതയുണ്ട്. നഗരവികസനം, പൊതുമരാമത്ത് വകുപ്പുകൾ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് ലഭിച്ചേക്കും.
ബിജെപിക്ക് 22 മന്ത്രിമാരെ ലഭിക്കാൻ സാധ്യതയുള്ളപ്പോൾ ശിവസേനയ്ക്കും എൻസിപിക്കും യഥാക്രമം 12, 9 വകുപ്പുകൾ ലഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞ ഡിസംബർ രണ്ടിന് നടന്നേക്കുമെന്നും അഭ്യൂഹമുണ്ട്. 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ബിജെപി 132 നിയമസഭാ സീറ്റുകൾ നേടിയപ്പോൾ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും യഥാക്രമം 57, 41 സീറ്റുകൾ വീതം നേടി.
English Summary:
Maharashtra Government Formation – hangs in the balance as planned meetings for the Maha Vikas Aghadi (MVA) and Shiv Sena are abruptly cancelled. Eknath Shinde’s sudden departure raises eyebrows, while Devendra Fadnavis emerges as the potential Chief Minister.
5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 44kcjlec5lmercr6pokf4d4qev mo-politics-leaders-devendrafadnavis mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra
Source link