സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തി 20 ലക്ഷം തട്ടി, എന്നിട്ടും നാഗരാജന് പിടിവീണു, കാരണം ഒരേയൊരു അശ്രദ്ധ

കൊച്ചി: ഫ്ളാറ്റ് സമുച്ചയമായ എറണാകുളം അബാദ് മറൈൻ പ്ലാസിലെ സൂപ്പർമാർക്കിലെ സോഫ്റ്റ് വെയറിൽ തിരിമറി നടത്തി രണ്ടു വർഷം കൊണ്ട് യുവാവ് തട്ടിയത് 20 ലക്ഷം രൂപ. പിടിക്കപ്പെടുമെന്നായതോടെ തമിഴ്നാട്ടിലേക്ക് കടന്ന 26കാരനെ അഞ്ച് മാസത്തിന് ശേഷം ഇന്നലെ സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയും എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന നാഗരാജാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.

‘മിസ് ക്വിക്ക് കൺവീനിയൻസ് സ്റ്റോർ’ നടത്തിപ്പുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനം ആരംഭിച്ചത് മുതൽ നാഗരാജ് ജോലിചെയ്യുന്നുണ്ട്. പണമിടപാടും മറ്റും കണ്ടുപഠിച്ച് ഇയാൾ സോഫ്റ്റ് വെയറിൽ ക്യാഷ് സെയിൽ എന്നതിന് പകരം ക്രെഡിറ്റ് സെയിലെന്ന് എഴുതിച്ചേർക്കുകയായിരുന്നു. സോഫ്റ്റ് വെയറിൽ കണക്കുകൾ തന്ത്രപരമായി മായ്‌ച്ചെങ്കിലും കള്ളത്തരമെല്ലാം സി.സി ടിവിയിൽ പതിഞ്ഞു. സാമ്പത്തിക ഇടപാടിൽ സംശയം തോന്നിയ സ്ഥാപന നടത്തിപ്പുകാരൻ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാഗരാജ് സോഫ്റ്റ് വെയറിൽ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. ഉടൻ പൊലീസിൽ പരാതി നൽകി.

തട്ടിപ്പ് തിരച്ചറിഞ്ഞതോടെ നാഗരാജ് തമിഴ്നാട്ടിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗരാജ് അതീവ രഹസ്യമായി എറണാകുളത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ചെലവന്നൂരിൽ തമ്പടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള നാഗരാജ് തനിയെയാണ് സോഫ്‌റ്റ്വെയർ ഉപയോഗിക്കാനും മറ്റും പഠിച്ചത്. മറ്റാരെങ്കിലുമാണോ ഇത് പഠിപ്പിച്ചുനൽകിയതെന്നും അന്വേഷിക്കുന്നുണ്ട്.

എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ്‌കുമാർ, സി. അനൂപ്, ഇന്ദുചൂഢൻ, മോനജ് ബാവ, സി.പി.ഒ സജി, സജിൽദേവ്, അനസ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫ്ളാറ്റിലെ സൂപ്പർമാർക്കറ്റ്

താമസക്കാർക്കായി വൻകിട ഫ്ളാറ്റുകളിൽ സൂപ്പർമാർക്കറ്റുകൾ തന്നെയുണ്ട്. ഇങ്ങിനെ വിവിധ ഫ്ളാറ്റുകളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റാണ് ‘മിസ് ക്വിക്ക് കൺവീനിയൻസ് സ്റ്റോർ’. ഇത്തരം സൂപ്പർമാർക്കറ്റുകളിൽ കൂടുതലും ക്രെഡിറ്റ് കാർഡ് ഇടപാടുകളാണ് നടക്കുക. ഇത് മറയാക്കിയാണ് നാഗരാജ് തട്ടിപ്പ് നടത്തിയത്.


Source link
Exit mobile version