കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, കാട്ടാനയെ പിടികൂടി വന്യജീവി സംഘർഷം കുറയ്‌ക്കാൻ കഴിയണം, കേന്ദ്രത്തിന് നിവേദനം നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം സമർപ്പിച്ചു. പ്രധാനമായും ഏഴ് വിഷയങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. ഇതിൽ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നതും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഈ വിഷയത്തിൽ 2022ലെ ദേദഗതി നിയമപ്രകാരം കേന്ദ്ര നിയമത്തിന്റെ പട്ടിക ഒന്നിൽ പെടുത്തിയ കുരങ്ങ് വർഗ്ഗങ്ങളെ പട്ടിക രണ്ടിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അങ്ങനെ ഭേദഗതി ചെയ്യുന്ന പക്ഷം വിവിധ ഇനം കുരങ്ങുകളുടെ ശല്യം ഒഴിവാക്കത്തക്ക രീതിയിലുള്ള നിയന്ത്രണമാർഗ്ഗങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിക്കാൻ സാധിക്കുന്നതാണ്. നിവേദനത്തിൽ ആവശ്യപ്പെട്ട മറ്റ് ഭേദഗതികളും പരിശോധിക്കുന്നതാണ്.
കടുവ, ആന തുടങ്ങിയ വന്യജീവികളെ പിടികൂടുന്നതിനും വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും പെട്ടെന്ന് നടപടികൾ സ്വീകരിക്കുന്നതിന് തടസ്സങ്ങളായിട്ടുള്ളതും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതുമായ സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രോസിജിയറും അഡ്വൈസറിയും ഭേദഗതി ചെയ്യുന്നതിനും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യം ഇത്തവണയും നിവേദനത്തിൽ ആവർത്തിച്ചിട്ടുണ്ട്.
മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി പ്രത്യേക ധനസഹായം ആവശ്യപ്പെടുകയും മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയിൽ ഒരു വിഹിതമെങ്കിലും കേന്ദ്രസർക്കാർ വഹിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ ഇനത്തിൽ 10 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 620 കോടിയുടെ പ്രത്യേക പദ്ധതി സമർപ്പിച്ചെങ്കിലും അത് മറ്റ് പ്രോജക്‌ടുകളുടെ കൂടെ പരിഗണിക്കാമെന്നാണ് അറിയിച്ചത്.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടും ഇക്കോ സെൻസിറ്റീവ് സോൺ (ഋടദ) നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കികൊണ്ട് സംസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങളിൽ ആവശ്യമായ വിജ്ഞാപനങ്ങൾ എത്രയും വേഗത്തിൽ പുറപ്പെടുവിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Source link