കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗരേഖയിൽ ഇളവ് തേടി തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം വേണമെന്ന മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. ആനകൾ പരസ്പരം മുട്ടുരുമ്മി നിൽക്കുന്നത് അനുവദിക്കാനാകില്ല. ആനപ്രേമികൾ ചങ്ങലയിൽ ബന്ധനസ്ഥരായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും കോടതി ചോദിച്ചു. മൂന്നുമീറ്റർ അകലം വേണമെന്ന വ്യവസ്ഥ മാറ്റേണ്ട പ്രത്യേക സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ദൂരപരിധി പാലിച്ചാൽ 9 ആനകളെ മാത്രമേ എഴുന്നള്ളിക്കാനാകൂ എന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി, എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്ത് നടത്തിക്കൂടേ എന്ന് കോടതി പറഞ്ഞു. 15 ആനകളെ തന്നെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമാണ്. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നും ആന ഇല്ലെങ്കിൽ ഹിന്ദുമതം ഇല്ലാതാകുമോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.
Source link