വനത്തിനുള്ളിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതർ
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്.
ആറ് കിലോമീറ്റർ ദൂരത്തിൽ അറക്കമുത്തി ഭാഗത്തുനിന്നാണ് സ്ത്രീകളെ കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരാണെന്ന് മലയാറ്റൂർ ഡി എഫ് ഒ ശ്രീനിവാസ് പ്രതികരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ ചേർന്ന് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സ്ത്രീകളെ കണ്ടെത്തിയത്.
വനത്തിൽ നിന്ന് സ്ത്രീകളുമായി പുറപ്പെട്ട സംഘം ഒരു മണിക്കൂറിനുള്ളിൽ നാട്ടിലെത്തും. കാൽനടയായിട്ടാണ് ഇവരെ കൊണ്ടുവരുന്നത്. ഉൾക്കാടായതിനാൽ വാഹനം കൊണ്ടുപോകാനാകില്ലെന്ന് ഡി എഫ് ഒ വ്യക്തമാക്കി.
കാണാതായ പശുവിനെ തെരഞ്ഞ് വനത്തിനുള്ളിലേക്ക് പോയപ്പോഴാണ് സ്ത്രീകളെ കാണാതായത്. മായയുടെ പശുവിനെ ബുധനാഴ്ച കാണാതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പശുവിനെ തെരഞ്ഞ് സ്ത്രീകൾ വീട്ടിൽ നിന്ന് പോയത്.
വൈകിട്ടോടെ പശു വീട്ടിൽ തിരിച്ചെത്തിയിരുന്നു. വൈകിട്ട് നാല് മണിയോടെ മായാ ജയന്‍ ഭർത്താവുമായി ഫോണിൽ സംസാരിച്ചിരുന്നു. പശു തിരിച്ചെത്തിയ വിവരം മായയെ അറിയിച്ചിരുന്നു. എന്നാൽ തിരിച്ചുവരുന്നതിനിടയിൽ ആനയെ കണ്ടതോടെ പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു.
Source link