ഗവർണർക്കെതിരെ വീണ്ടും പോർമുഖം തുറന്ന് സർക്കാർ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോർമുഖം തുറന്ന് സർക്കാരും. സി.പി.എം ഡിജിറ്റൽ, സാങ്കേതിക യൂണിവേഴ്സിറ്റികളിൽ സർക്കാരിനോട് ചോദിക്കാതെ താത്കാലിക വി.സിമാരെ നിയമിച്ചതോടെ കടുത്ത അതൃപ്തി പ്രകടമാക്കി സി.പി.എം രംഗത്ത് വന്നു. നിയമന ഉത്തരവിറങ്ങിയ ദിവസം തന്നെ സങ്കേതിക സർവ്വകലാശാല വി.സി ഡോ. ശിവദാസിന്റെ നിയമനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. ഡിജിറ്റൽ സർവ്വകലാശാല വി.സിയായുള്ള ഡോ. സിസ തോമസിന്റെ നിയമനത്തിനെതിരയും സമാന ആവശ്യം സർക്കാർ ഇന്ന് കോടതിയിൽ ഉന്നയിക്കും.
സർക്കാരുമായി ആശയവിനിമയം നടത്താതെ ആരോഗ്യ സർവ്വകലാശാല വി.സിക്ക് കാലാവധി നീട്ടി നൽകിയതും പാർട്ടിയെയും സർക്കാരിനെയും ചൊടിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ വി.സിയുടെ പുനർ നിയമനം സംബന്ധിച്ചാണ് സർക്കാരും സി.പി.എമ്മും ഗവർണറുമായി ആദ്യം കൊമ്പ് കോർത്തത്. സർവകലാശാല പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനായി ഇടപെട്ടെന്നായിരുന്നു ഗവർണറുടെ പ്രധാന വാദം.പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാല പഠനവകുപ്പിൽ നിയമനം നൽകാൻ അനധികൃത ഇടപെടൽ നടത്തിയെന്ന പരാതിയെ തുടർന്ന് വിഷയത്തിലടപ്പെട്ട ഗവർണർ നിയമനം നൽകാനുള്ള നടപടികൾ മരവിപ്പിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലാ സെനറ്റുകളിലേക്ക് ചാൻസലറുടെ പ്രതിനിധികളായി സ്വന്തം നിലയ്ക്ക് നിയമനം നടത്തിയ ഗവർണറുടെ നടപടിക്കെതിരെ വലിയ വിമർശനം സി.പി.എം ഉയർത്തി.
നിരവധി സർവ്വകലാശാലകളിൽ ഗവർണർ നേരിട്ട് ഇടപെട്ട് തുടങ്ങിയതോടെ ചാൻസലറെ ഒരു ക്യാമ്പസിലും കയറ്റില്ലെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ സമരത്തിനിറങ്ങി. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ ഒരു ദിവസം താമസിച്ച് വെല്ലുവിളി നേരിട്ട ഗവർണറെ നിലമേലും പേട്ടയിലും എസ്.എഫ്.ഐ തടഞ്ഞതോടെ കാറിൽ നിന്നിറങ്ങി ശകാരമുയർത്തിയതും വലിയ വിവാദത്തിനിടയാക്കി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഗവർണറും സർക്കാരും പാർട്ടിയും നേർക്ക് നേർ പോരിനിറങ്ങുന്നത്.
Source link