കൈവല്യ പദ്ധതി: സഹായം കിട്ടാതെ ഭിന്നശേഷിക്കാർ
കൊച്ചി: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം നൽകാൻ ആവിഷ്കരിച്ച ‘കൈവല്യ” പദ്ധതിക്ക് തുക അനുവദിക്കാതെ സർക്കാർ. 2016ൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയിലേക്ക് 2018 മുതൽ അപേക്ഷ സ്വീകരിച്ചെങ്കിലും 2021ൽ മാത്രമാണ് തുക നൽകിയത്. പിന്നീട് അപേക്ഷിച്ചവർ കാത്തിരിക്കുകയാണ്.
ഭിന്നശേഷിക്കാരുടെ സംഘടനകൾ പലതവണ സമരത്തിനിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. എംപ്ലോയ്മെന്റ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
2021ൽ 9195 പേർക്ക് 50,000 രൂപ വീതം അനുവദിച്ചിരുന്നു. പകുതി തുക സബ്സിഡിയാണ്. പിന്നീട് അപേക്ഷകൾ കുന്നുകൂടിയെങ്കിലും ഫണ്ടില്ലാത്തതിനാൽ പരിഗണിച്ചിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതം, ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട്, ഭിന്നശേഷി കോർപ്പറേഷനുമായി സഹകരിച്ചുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവയിലൂടെയാണ് പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത്.
കെട്ടിക്കിടക്കുന്നത് 4211 അപേക്ഷ
2024 മേയ് എട്ടു വരെയുള്ള കണക്കു പ്രകാരം കെട്ടിക്കിടക്കുന്നത് 4211 അപേക്ഷകളാണ്. 2023-24ൽ 9195 പേർക്ക് വായ്പാ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വകുപ്പ് രേഖാമൂലം പറയുന്നതെങ്കിലും ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. അപേക്ഷകൾ സ്വീകരിക്കുന്നുമുണ്ട്.
ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന പല പദ്ധതികളും മുടങ്ങിപ്പോവുകയാണ്. എത്രയും വേഗം വായ്പ അനുവദിച്ച് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
രാജീവ് പള്ളുരുത്തി
സംസ്ഥാന ജനറൽ സെക്രട്ടറി
ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ
Source link