ന്യൂഡൽഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന പരസ്യകലാപത്തിൽ നടപടിയെടുക്കാൻ ബിജെപി കേന്ദ്രനേതൃത്വം. പാലക്കാട്ടുകാരനായ ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജനോടും പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരനോടും വിശദീകരണം തേടും. പ്രമീളയുടെ പരാമർശം അച്ചടക്കലംഘനമാണെന്ന് കേന്ദ്രനേതൃത്വം വിമർശിച്ചു. ഇന്ന് കൊച്ചിയിൽ സംസ്ഥാന നേതൃയോഗം ചേരുകയാണ്. ഇതിനിടെയാണ് അംഗങ്ങളോട് വിശദീകരണം തേടുന്നത്.
അടിത്തറയല്ല മേൽക്കൂരയാണ് പ്രശ്നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം എൻ.ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ശിവരാജൻ. വോട്ട് കാൻവാസ് ചെയ്യാൻ കഴിവുള്ള മൂന്നു മുഖങ്ങളാണ് ശോഭാ സുരേന്ദ്രൻ, വി. മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
സി.കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ തുടക്കത്തിൽ തന്നെ പ്രമീള ശശിധരന് അതൃപ്തി ഉണ്ടായിരുന്നു. ജനങ്ങൾ വോട്ടു കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല എന്നായിരുന്നു പ്രമീളയുടെ വിമർശനം. ‘കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, എപ്പോഴും ഒരേ സ്ഥാനാർത്ഥിയെയാണോ ബിജെപി നിറുത്തുന്നതെന്ന ചോദ്യം ഉയർന്നിരുന്നു. അതുകൊണ്ടാണ് സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
സി.കൃഷ്ണകുമാറുമായി നേതാക്കൾ സഹകരിച്ചില്ലെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ല. മനസറിഞ്ഞ് കൃഷ്ണകുമാറിനായി വോട്ടു ചോദിച്ചു. പക്ഷേ, ജനങ്ങൾ വോട്ടു കൊടുത്തില്ല. അതിന് തങ്ങളെ പഴിച്ചിട്ടു കാര്യമില്ല. വാർഡുകളിൽ കൗൺസിലർമാർ കൃത്യമായി പ്രവർത്തിച്ചു. ആറും ഏഴും തവണ വാർഡുകളിൽ വോട്ട് ചോദിച്ചു. പക്ഷേ, ജനങ്ങൾക്ക് കൃഷ്ണകുമാറിന്റെ പേര് ഉൾകൊള്ളാനായില്ല. സംസ്ഥാന പ്രസിഡന്റ് പാലക്കാട് കേന്ദ്രീകരിച്ചു നല്ല പ്രവർത്തനം നടത്തിയിട്ടും ഫലമുണ്ടായില്ല. സന്ദീപ് വാര്യരെ ഇഷ്ടമുള്ളവരുണ്ടാകും. അദ്ദേഹം പാർട്ടി വിട്ടതു കുറച്ചൊക്കെ ബാധിച്ചിരിക്കാം. ഇപ്പോഴത്തെ തോൽവിയിൽ നഗരസഭയെ പഴിക്കുന്നതിൽ യുക്തിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാട് ശരിയല്ല’ – എന്നായിരുന്നു പ്രമീളയുടെ വിമർശനം.
Source link