KERALAMLATEST NEWS

ഹരേകൃഷ്ണ  പ്രസ്ഥാനം മതമൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ്, ചിന്മയ്   കൃഷ്ണദാസിനെ ജയിലിലടച്ചത് രാജ്യദ്രോഹ കുറ്റത്തിന്

ധാക്ക: ഹരേകൃഷ്ണ പ്രസ്ഥാനം (ഇസ്‌കോൺ) മതമൗലിക വാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സർക്കാർ. സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിക്കുള്ള മറുപടിയിലാണ് ഇസ്കോണിനെ മതമൗലികവാദ സംഘടന എന്ന് ഇകഴ്ത്തിയത്. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റുചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ചതിനെതിരെയും രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾ മതമൗലികവാദികൾ ലക്ഷ്യമിടുന്നതിനെതിരെയും ബംഗ്ലാദേശിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലാണ് ഇടക്കാല സർക്കാരിന്റെ പുതിയ നീക്കം. ഏതെങ്കിലും സമുദായത്തിന്റെ നേതാവ് എന്ന നിലയിലല്ല, രാജ്യദ്രോഹ കുറ്റത്തിനാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റുചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേൾക്കെ ഇസ്കോൺ എങ്ങനെയാണ് ബംഗ്ലാദേശിൽ സ്ഥാപിതമായതെന്ന് അറ്റോർണി ജനറലിനോട് കോടതി ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് സംഘടന രാഷ്ട്രീയ പാർട്ടിയല്ലെന്നും മതമൗലികവാദ സംഘടനയാണെന്നും സർക്കാർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞത്. ഇസ്കോൺ സംബന്ധിച്ച സർക്കാർ നിലപാടും രാജ്യത്തെ മൊത്തത്തിലുള്ള ക്രമസമാധാന നിലയും നാളെ രാവിലെ റിപ്പോർട്ടുചെയ്യാൻ നിർദേശിച്ച കോടതി ക്രമസമാധാന നില തകരുന്നത് തടയണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്ന് മതേതര എന്ന വാക്ക് നീക്കംചെയ്യാൻ അടുത്തിടെ അറ്റോർണി ജനറൽ നിർദ്ദേശിച്ചത് വൻ വാർത്തായിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾക്കും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണം നടക്കുന്നതിൽ പ്രതിഷേധിച്ച് റാലി നടത്തിയതിനാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റുചെയ്തത്. റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ച് രാജ്യദ്രോഹ കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ധാക്ക വിമാനത്താവളത്തിൽ നിന്നായിരുന്നു പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റുചെയ്തത്. ചിന്മയ് കൃഷ്ണദാസ് ജാമ്യാപേക്ഷയുമായി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിക്കളയുകയായിരുന്നു.

ഹരേകൃഷ്ണ പ്രസ്ഥാനം

1965ൽ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദനാണ് ഹരേകൃഷ്ണ പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്നു ലോകം മുഴുവൻ അഞ്ഞൂറിലധികവും ഇന്ത്യയിൽ ഇരുനൂറോളം ആത്മീയകേന്ദ്രങ്ങളുമുണ്ട്. ഉറുദു ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഭാഷകളിൽ ഹരേകൃഷ്ണ പ്രസ്ഥാനം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാല് വൈഷ്ണവ സമ്പ്രദായങ്ങളിൽ (ബ്രാഹ്മ,രുദ്ര, ശ്രീ, കൗമാര) ബ്രാഹ്മ സമ്പ്രദായത്തിന്റെ മാധ്വഗൗഡിയ ശാഖയുടെ നേർതുടർച്ചക്കാരാണ് തങ്ങളെന്നാണ് ഇസ്‌കോണിൽ വിശ്വസിക്കുന്നവർ കരുതുന്നത്. ഭക്തിയോഗം പ്രചരിപ്പിക്കാനാണ് ഇസ്‌കോൺ രൂപം കൊണ്ടത്. ഭക്തന്മാർ അവരുടെ ചിന്തകളും പ്രവൃത്തികളും സർവ്വേശ്വരനായ കൃഷ്ണനെ പ്രസാദിപ്പിക്കാനായി സമർപ്പണം ചെയ്യുന്നു. ദൈവത്തിന്റെ എല്ലാ അവതാരങ്ങളുടെയും യഥാർത്ഥ ഉറവിടം കൃഷ്ണനെയാണെന്ന് ഇസ്‌കോൺ വിശേഷിപ്പിക്കുന്നു. അവരുടെ രചനകളിൽ അദ്ദേഹത്തെ പരമപുരുഷനായി പരാമർശിക്കുകയും ചെയ്യുന്നുണ്ട്. കൃഷ്ണന്റെ ദിവ്യപ്രണയത്തിന്റെ പ്രതിരൂപമാണ് രാധ. അദ്വൈതത്തിൽ നിന്നും വ്യത്യസ്തമായി ആത്മാവിന് സ്വന്തമായി അനന്തമായി നിലനിൽപ്പുണ്ട് എന്നും ഇസ്‌കോൺ വിശ്വാസികൾ കരുതുന്നു. അത് എവിടെയും ലയിച്ചുചേരുന്നില്ല എന്നും അവർ വിശ്വസിക്കുന്നു.

വേദാന്തത്തിൽ വേരുകളുള്ള ഒരു ഏക ദൈവ വിശ്വാസപ്രസ്ഥാനമാണ് ഇസ്‌കോൺ. മത്സ്യവും മുട്ടയും അടക്കം ഒരു മാംസവും ഇവർക്ക് കഴിക്കാൻ പാടില്ല. മദ്യം, പുകയില ഉൾപ്പെടെ യാതൊരു ലഹരിപദാർത്ഥവും ഉപയോഗിക്കരുത്, വിവാഹിതരായ ഇണകൾ അനന്തര തലമുറയെ ജനിപ്പിക്കാൻ വേണ്ടിമാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്നും ഇവർ നിഷ്കർഷിക്കുന്നു.


Source link

Related Articles

Back to top button