തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്നും അത് കഴിഞ്ഞാലുടൻ ഇവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ പട്ടികയിൽ കയറിപ്പറ്റിയ അനർഹരെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതിമാസം 1600രൂപയാണ് സാമൂഹ്യസുരക്ഷാപെൻഷൻ. ഇത് കൈപ്പറ്റുന്നവരിൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും പ്ളസ് ടു അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കം സർവീസിലുള്ള 1458 ജീവനക്കാരാരും ഉണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ധനവകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയുടെ ഭാഗമായി പെൻഷൻ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്ട്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്ട്‌വെയറായ സ്പാർക്കിലെയും വിവരങ്ങൾ താരതമ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കണ്ടെത്തിയത്. ആരോഗ്യവകുപ്പിലാണ് കൂടുതൽ പെൻഷൻ വാങ്ങുന്ന ജീവനക്കാർ 373 പേർ. പൊതുവിദ്യാഭ്യാസവകുപ്പിൽ 224 പേരും ക്ഷേമപെൻഷൻ വാങ്ങുന്നു. പെൻഷൻ തട്ടിയെടുക്കുന്ന പത്തിൽതാഴെ ഉദ്യോഗസ്ഥരുടെ സംഘമുള്ള നാൽപ്പതോളം ഡിപ്പാർട്ട്മെന്റുകളുണ്ട്. ഇതിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടും.
ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവരാണ് അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും.രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലും രണ്ടാമൻ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലുമാണ് ജോലി ചെയ്യുന്നത്. പെൻഷൻ വാങ്ങുന്നവരിൽ മൂന്ന് ഹയർസെക്കൻഡറി അദ്ധ്യാപകരുമുണ്ട്.പരിശോധന വ്യാപകമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വിവിധതലങ്ങളിലുള്ള പരിശോധന തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇതോടെ കൂടുതൽ പേർ കുടുങ്ങിയേക്കുമെന്നാണ് സൂചന.
ക്ഷേമ പെൻഷൻ മാനദണ്ഡം
വാർഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം
സർവീസ്,കുടുംബപെൻഷൻ വാങ്ങുന്നവരാകരുത്
ആദായനികുതി കൊടുക്കുന്നവരാകരുത്
രണ്ടേക്കറിൽ കൂടുതൽ കൃഷിഭൂമിയുണ്ടാകരുത്
1000സി.സി.യിൽ കൂടുതൽ ശേഷിയുള്ള വാഹനമുണ്ടാകരുത്
പൊതുമേഖലാസ്ഥാപനത്തിൽ നിന്ന് വിരമിച്ചവരാകരുത്.
Source link