അദാനി കമ്പനികളുടെ ഓഹരി വിലയിൽ കുതിപ്പ്
അമേരിക്കയിലെ കുറ്റപത്രത്തിലെ ചാർജുകൾ ഗൗരവമല്ലെന്ന് ഗ്രൂപ്പിന്റെ വിശദീകരണം
കൊച്ചി: സൗരോർജ കരാർ നേടാൻ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിശദീകരണവുമായി അദാനി ഗ്രീൻ എനർജി രംഗത്തെത്തിയതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില 20 ശതമാനം വരെ ഉയർന്നു. കൈക്കൂലി ആരോപണങ്ങളിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മുതിർന്ന എക്‌സിക്യൂട്ടിവുകളായ സാഗർ അദാനി, വിനീത് ജയിൻ എന്നിവർക്ക് അമേരിക്കയിലെ നീതിന്യായ വകുപ്പ് ക്ളീൻചിറ്റ് നൽകിയെന്ന് അദാനി ഗ്രീൻ പത്രക്കുറിപ്പിൽ പറഞ്ഞു. കുറ്റപത്രത്തിലെ മൂന്ന് ചാർജുകൾ മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
ഇതോടെ അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ എന്നിവയുടെ ഓഹരി വില 20 ശതമാനം ഉയർന്നു. അദാനി ഗ്രീൻ എനർജി, അദാനി എനർജി എന്നിവയുടെ ഓഹരികൾ പത്ത് ശതമാനം വർദ്ധിച്ചു. അദാനി എന്റർപ്രൈസസ് 11 ശതമാനവും അദാനി പോർട്ട്‌സ് ആറ് ശതമാനവും അദാനി വിൽമർ എട്ടു ശതമാനവും ഉയർന്നു. എ.സി.സി, അംബുജ സിമന്റ്‌സ്, എൻ.ഡി.ടി.വി എന്നിവയുടെ ഓഹരികളും മികച്ച നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി.
ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ
1.2 ലക്ഷം കോടി രൂപയുടെ വർദ്ധന
പിഴയൊടുക്കിയാൽ തീരുമെന്ന് അദാനി ഗ്രൂപ്പ്
ഓഹരി വിപണിയുമായി ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കുറ്റപത്രമെന്ന് അദാനി ഗ്രീൻ എനർജി വക്താവ് പറഞ്ഞു. കനത്ത പിഴയൊടുക്കിയാൽ കേസിൽ നിന്ന് ഒഴിവാകാൻ കഴിയും. വിദേശ കൈക്കൂലി നടപടി ആക്‌ടനുസരിച്ചുള്ള ചാർജുകൾ ഇല്ലാത്തതിനാൽ കേസിന് വലിയ ഗൗരവമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തഗിയും ഇന്നലെ വ്യക്തമാക്കി.
ഓഹരി വിപണിയിലും മുന്നേറ്റം
വാഹന, ബാങ്കിംഗ്, ഇന്ധന മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഓഹരി വിപണി ഇന്നലെ നേട്ടമുണ്ടാക്കി. സെൻസെക്‌സ് 230 പോയിന്റ് ഉയർന്ന് 80,234.08ൽ അവസാനിച്ചു. നിഫ്‌റ്റി 82.2 പോയിന്റ് നേട്ടവുമായി 24,276.70ൽ എത്തി. ഒല ഇലക്ട്രിക്, എൻ.ടി.പി.സി ഗ്രീൻ എനർജി, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവ മികച്ച നേട്ടമുണ്ടാക്കി.
കൈക്കൂലിയുടെ വിശദാംശങ്ങളില്ലെന്ന് മുകുൾ റോഹ്‌ത്തഗി
അമേരിക്കയിലെ വിദേശ കൈക്കൂലി നിയന്ത്രണ ആക്‌ട് അനുസരിച്ചുള്ള കുറ്റങ്ങളൊന്നും ഗൗതം അദാനിക്കും സഹാേദരപുത്രൻ സാഗർ അദാനിക്കുമെതിരെ ചുമത്തിയിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്‌ത്തഗി പറഞ്ഞു. സൗരോർജ കരാറിനായി ഇന്ത്യയിൽ കൈക്കൂലി നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ആർക്കാണ് ലഭിച്ചതെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link