കാശില്ലാതെ ജീവിതം മുന്നോട്ട് പോകില്ല. ചോദിക്കാതിരുന്നാല്‍ ചിലപ്പോള്‍ പണം കിട്ടിയെന്ന് തന്നെ വരില്ല എന്നെല്ലാമുളള ആശങ്കകള്‍ തോന്നി. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പണം ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. അതിന് മുന്‍പ് അമ്മയുടെ സംശയം തീര്‍ക്കണം. ലൊക്കേഷനില്‍ നിന്ന് ഷൂട്ടിങ് സ്റ്റില്‍സ് അടങ്ങുന്ന ആല്‍ബം കൊണ്ടുപോയി അമ്മയെ കാണിച്ചു. അമ്മയ്ക്ക് സമാധാനമായി. പക്ഷെ അപ്പോഴും പ്രതിഫലക്കാര്യം ഒരു കീറാമുട്ടിയായി നില്‍ക്കുന്നു. അന്ന് തന്നെ സീമ ഡയറക്ടറെ കണ്ട് ചോദിച്ചു.
”സര്‍ എനിക്ക് കാശൊന്നും തരില്ലേ?’
”നിനക്കൊന്നും തന്നില്ലേ?’ എന്ന് ശശി തിരിച്ചു ചോദിച്ചു.
സീമ വിട്ടുകൊടുത്തില്ല.
”എനിക്കൊന്നും തന്നില്ല. ഡാന്‍സിനും പോകണ്ടന്ന് പറഞ്ഞു. എനിക്ക് ശാപ്പാട് കഴിക്കണ്ടേ?’
പെട്ടെന്ന് ശശി ചിരിച്ചു. സീമയുടെ നിഷ്‌കളങ്കമായ ചോദ്യം കേട്ടാണ് അദ്ദേഹം ചിരിച്ചത്. പക്ഷെ ആ ചോദ്യം അദ്ദേഹത്തിന്റെ മനസില്‍ കൊണ്ടു. ഉടന്‍ തന്നെ 1000 രൂപയുടെ ചെക്ക് എഴുതി തരാന്‍ ഏര്‍പ്പാടാക്കി. പക്ഷേ, ആയിരം രൂപ കൊണ്ട് കുടുംബം കഴിയുമോ? പത്ത് ദിവസം തളളി നീക്കിയതിന്റെ കടബാധ്യതകള്‍ വേറെ. അടുത്ത ദിവസം ഡാന്‍സിന് പോയി പണം കൊണ്ടുവരാമെന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു. ശശിയോട് എന്തോ ഒഴികഴിവ് പറഞ്ഞ് സെറ്റില്‍ നിന്നും സീമ പുറത്തു ചാടി. രണ്ട് മൂന്ന് ദിവസം ഡാന്‍സിന് പോയി. അവളുടെ രാവുകളില്‍ നായികയായി അഭിനയിക്കുന്ന കാര്യം ആ സെറ്റില്‍ ആരോടും പറഞ്ഞില്ല. അതറിഞ്ഞാല്‍ ഉളള കഞ്ഞിയില്‍ പാറ്റ വീണെങ്കിലോ? ഉത്തരത്തിലിരിക്കുന്നതും കക്ഷത്തിലിരിക്കുന്നതും ചിലപ്പോള്‍ ഒരുമിച്ച് പോകും. അത്യാവശ്യം ചില്ലറ കയ്യില്‍ വന്നപ്പോള്‍ വീണ്ടും ശശിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു. കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും ശശി പറഞ്ഞിരുന്നില്ല. അദ്ദേഹം പറഞ്ഞതു പോലെയൊക്കെ സീമ അഭിനയിച്ചു. ആ കഥാപാത്രത്തിന്റെ അതേ നിഷ്‌കളങ്കതയായിരുന്നു സീമയ്ക്കും. പക്ഷേ, ചില സീനുകള്‍ വന്നപ്പോള്‍ മനസ്സ് ആകെ പതറി. ചിലപ്പോള്‍ കരഞ്ഞു പോയിട്ടുമുണ്ട്. ഷര്‍ട്ട് മാത്രം ധരിച്ചുകൊണ്ട് അഭിനയിക്കേണ്ടി വന്നപ്പോള്‍ സീമ ദൈന്യമായി ചോദിച്ചു.
‘എന്തിനാ സര്‍ ഇതൊക്കെ… എനിക്ക് നാണമാകുന്നു’
പലപ്പോഴും ബാത്ത്‌റൂമില്‍ ചെന്നു നിന്ന് കരഞ്ഞു. എം.ജി.സോമന്‍ അടക്കം പലരും സമാധാനിപ്പിച്ചു. ഇത് അഭിനയമാണ്. കഥാപാത്രമാണ്. കഥ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്ന് മാത്രം.
ജയന്റെ ഭാഗ്യനായിക
‘അവളുടെ രാവുകള്‍’ റിലീസ് ചെയ്തു. പടം ചരിത്രവിജയമായി. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടു. പലരും കരുതിയത് പോലെ ഒരു സെക്‌സ് സിനിമയായിരുന്നില്ല അത്. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അസാധാരണ മിഴിവോടെ വരച്ചു കാട്ടിയ ഉദാത്തമായ ചിത്രം.
നടി എന്ന നിലയില്‍ അസാധ്യ പ്രകടനമാണ് സീമ അതില്‍ കാഴ്ച വച്ചത്. പിന്നീട് നിന്നു തിരിയാനാവാത്ത വിധം അവസരങ്ങള്‍ സീമയെ തേടി വന്നു. അക്കാലത്തെ ഹിറ്റ് മേക്കേഴ്‌സിന്റെയും സൂപ്പര്‍നായകന്‍മാരുടെയുമെല്ലാം സിനിമകളില്‍ സീമയായിരുന്നു നായിക. ജയന്റെ ഭാഗ്യനായിക ആയിരുന്നു അന്ന് സീമ. സമാന്തരമായി ശശിയുടെ പടങ്ങളിലും സീമ നിരന്തര സാന്നിധ്യമായി.
പുറത്ത് പ്രചരിക്കും പോലെ ആ സമയത്ത് ഒന്നും സീമയും ശശിയും തമ്മില്‍ പ്രണയബദ്ധരായിരുന്നില്ല. സീമയെ വിവാഹം കഴിക്കണമെന്ന ഒരു ചിന്ത സ്വപ്നത്തില്‍ പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ സീമയോട് ഒരു തരം വാത്സല്യം കലര്‍ന്ന ഇഷ്ടമുണ്ടായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ മുന്‍നിര നായികയാക്കി ഉയര്‍ത്തിയ ശശിയോട് ഗുരുതുല്യമായ ആദരവും സ്‌നേഹവുമായിരുന്നു. സീമയെ വലിയ താരമാക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അത് തുറന്ന് പറയുകയും ചെയ്തിരുന്നു ശശി. ഊഷ്മളമായ ഒരു സൗഹൃദമോ സ്‌നേഹബന്ധമോ മാത്രമായിരുന്നു അത്. സീമയും അതിനെ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല. ഒരു പടി കൂടി കടന്ന് സീമയെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തുറന്ന് പറയാനും ശശി മടിച്ചില്ല.
സീമയുടെ അറിവോടെ തന്നെ അദ്ദേഹത്തിന് പല വിവാഹാലോചനകളും നടന്നു. പലയിടങ്ങളിലും പോയി പെണ്ണ് കണ്ട വിവരവും സീമ അപ്പപ്പോള്‍ അറിയുന്നുണ്ട്. സീമ അതില്‍ പരിഭവം പറഞ്ഞില്ലെന്ന് മാത്രമല്ല കാര്യമായ വിഷമവും തോന്നിയില്ല. ജീവിതത്തില്‍ ഒന്നിക്കില്ലെന്ന് ശശി പറഞ്ഞിട്ടുളളതാണല്ലോ? പക്ഷേ, സീമയുടെ മനസ്സില്‍ തന്റെ ഗുരുവും വഴികാട്ടിയും സ്‌നേഹിതനും കാമുകനും എല്ലാമായ ശശിയോട് വല്ലാത്ത ഒരു ഇഷ്ടമുണ്ടായിരുന്നു. പക്ഷെ ശശിയുടെ നിലപാട് മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും സീമയുടെ മനസ്സിലുണ്ട്.
‘എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ കല്യാണം കഴിക്കില്ല. പക്ഷെ നിന്നെ ഞാനൊരു വലിയ നടിയാക്കും’
എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് സീമയ്ക്ക് മനസ്സിലായില്ല. പലരെയും പെണ്ണ് കാണാന്‍ പോയി. പോകുന്ന വിവരമൊക്കെ സീമയോട് വന്നു പറയും.
ഒരു ദിവസം ശശി പറഞ്ഞു: ‘ഞാന്‍ നിന്നെ കല്യാണം കഴിക്കാം. പക്ഷേ, ഒരു കണ്ടീഷന്‍. ഞാന്‍ എന്ത് ചെയ്താലും നീ ഒന്നും ചോദിക്കരുത്’. ആ വ്യവസ്ഥയില്‍ വിവാഹം വേണ്ട എന്ന് വാശിക്കാരിയായ സീമ തിരിച്ചടിച്ചു. അതിന് ശേഷം ശശി പനി പിടിച്ച് കിടപ്പിലായി. സീമ കാണാനായി ചെന്നു. വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞ വിഷമം അദ്ദേഹം പങ്കു വച്ചു. സീമ ചോദിച്ചു. ‘ശശിയേട്ടന്‍ എന്തിനാ അങ്ങനെ പറഞ്ഞത്? ഒരു ഭാര്യയാകുമ്പോള്‍ ചോദിക്കാനും പറയാനും അവകാശമില്ലേ? പനി പോകട്ടെ. നമുക്ക് കെട്ടാം’ എന്നായി സീമ. പരസ്പരം വാക്ക് പറഞ്ഞതല്ലാതെ കാര്യങ്ങളൊന്നും തീരുമാനത്തിലെത്തുന്നില്ല.
വിവാഹം ഉറപ്പിച്ച ഡയമണ്ട് നെക്‌ലേസ്
അക്കാലത്ത് സീമ ഒരു ഡയമണ്ട് നെക്‌ലേസ് വാങ്ങി. നല്ല സമയമല്ലെങ്കില്‍ ഡയമണ്ട് വാങ്ങുന്നത് ദോഷം ചെയ്യുമെന്ന് ആരോ ഉപദേശിച്ചു. കടയുടമയുമായി സംസാരിച്ചപ്പോള്‍ ഒരാഴ്ച കൈവശം വച്ചു നോക്കൂ എന്നിട്ട് തീരുമാനിക്കാമെന്ന് പറഞ്ഞു. സീമയ്ക്ക് ആകെ ഭയം തോന്നി. അമ്മയുടെ താത്പര്യപ്രകാരമാണ് അത് വാങ്ങിയത്. ഇനി തിരിച്ചുകൊടുക്കുന്ന കാര്യവും ആലോചിക്കാന്‍ വയ്യ.
അന്ന് ധാരാളം സിനിമകളുളളതു കൊണ്ട് പണത്തിന് പഞ്ഞമില്ല. കുറഞ്ഞ കാലം കൊണ്ട് തന്നെ സാലിഗ്രാമത്തില്‍ സീമ സ്വന്തമായി ഒരു വീട് വച്ചു. എല്ലാറ്റിനും കാരണക്കാരന്‍ ഐ.വി.ശശി എന്ന വ്യക്തിയാണ്. ഡയമണ്ട് ഒരു പ്രശ്‌നമാകുമെന്ന് തോന്നിയപ്പോള്‍ അമ്മ അക്കാലത്ത് മദ്രാസില്‍ അറിയപ്പെടുന്ന ഒരു ജോത്സ്യനെ വീട്ടില്‍ വിളിച്ചു വരുത്തി. ഡയമണ്ടിന്റെ കുഴപ്പങ്ങളെക്കുറിച്ച് ചോദിക്കാനാണ് വിളിച്ചത്. പക്ഷെ അയാള്‍ പറഞ്ഞത് അത്രയും സീമയുടെ വിവാഹക്കാര്യത്തെക്കുറിച്ചായിരുന്നു. ഈ സെപ്റ്റംബറിൽ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ മൂന്ന് വര്‍ഷത്തേക്ക് സാധ്യതയില്ലെന്ന് തറപ്പിച്ച് പറഞ്ഞു. അമ്മയ്ക്ക് ആകെ വിഷമമായി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സീമയ്ക്ക് സഹായത്തിന് ആരുമില്ല.
അമ്മയുടെ ദുഃഖം കണ്ട് സീമയും വിഷമത്തിലായി. ശശി അന്ന് മഹാലിംഗപുരത്ത് വലിയ വീടൊക്കെ വച്ച് താമസിക്കുകയാണ്. അദ്ദേഹം പല വിവാഹാലോചനകള്‍ക്കും ശ്രമിക്കുന്നതല്ലാതെ ഒന്നും ശരിയായിട്ടില്ല. അപ്പോഴത്തെ മാനസികാവസ്ഥയില്‍ പിറ്റേന്ന് കാലത്ത് ഷൂട്ടിന് പോകും മുന്‍പ് സീമ നേരെ ശശിയുടെ വീട്ടിലേക്ക് ചെന്ന് സ്വന്തം ശൈലിയില്‍ മുഖത്ത് നോക്കി പറഞ്ഞു.
‘നിങ്ങള്‍ എന്നെ കെട്ടുന്നെങ്കില്‍ ഇപ്പം കെട്ടണം. അല്ലേല്‍ വിട്ടേര്’
ആകെ പകച്ചു നിന്ന ശശി പെട്ടെന്ന് ചിരിച്ചു പോയി. സീമയെ പിരിയാന്‍ കഴിയില്ലെന്ന് ഒരുപക്ഷേ, അദ്ദേഹത്തിനും തോന്നിയിരിക്കാം. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അന്ന് അപേക്ഷാസ്വരത്തിലായിരുന്നില്ല സീമ സംസാരിച്ചത്. കെട്ടിയില്ലെങ്കിലും എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ, ഒരു തീരുമാനം അറിയണം എന്ന ദൃഢതയോടെയാണ് വിഷയം അവതരിപ്പിച്ചത്. സീമ കാര്യം പറഞ്ഞ് അപ്പോള്‍ തന്നെ ഇറങ്ങി പോയി. ശശി ആ സോഫയിലിരുന്ന് ഏറെ സമയം ആലോചിച്ചു.
സീമയില്‍ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ആ നേരെ വാ നേരെ പോ പ്രകൃതമായിരുന്നു. ജൂലൈ മാസത്തിലായിരുന്നു ഈ സംഭവം. ഓഗസ്റ്റില്‍ അവരുടെ വിവാഹവും നടന്നു. ഒരു മാസത്തിനുളളില്‍ എല്ലാം ക്രമീകരിക്കുക ഏറെ ശ്രമകരമായിരുന്നു. ക്ഷണക്കത്ത് അടിക്കാനോ പോയി വിളിക്കാനോ കഴിഞ്ഞില്ല. ഫോണിലൂടെയാണ് എല്ലാവരെയും അറിയിച്ചത്. 1980 ഓഗസ്റ്റ് 28ന് മാങ്കാട് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നു. നടന്‍ ജയനായിരുന്നു ഒരു ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്ന് സീമയുടെ കൈപിടിച്ചു കൊടുത്തത്.
തെന്നിന്ത്യന്‍ സിനിമയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി താജ് ഹോട്ടലിൽ റിസപ്ഷന്‍.
സീമ അന്ന് തിരുവനന്തപുരത്ത് ആര്‍.എസ്.പ്രഭുവിന്റെ പടത്തില്‍ അഭിനയിക്കുകയാണ്. കല്യാണം എന്ന് കേട്ടതോടെ അദ്ദേഹത്തിന് ടെന്‍ഷനായി. സീമ തുടര്‍ന്ന് അഭിനയിച്ചില്ലെങ്കില്‍ പടം മുടങ്ങും. അദ്ദേഹം സീമയോട് പറഞ്ഞു. ‘സീമേ കുഴപ്പിക്കല്ലേ… പിറ്റേന്ന് തന്നെ വന്നേക്കണേ… ഇല്ലെങ്കില്‍ സിനിമ നിന്നു പോകും’
സീമ ചിരിച്ചു. ഓഗസ്റ്റ് 27 വരെ പടത്തില്‍ അഭിനയിച്ച് 28ന് ചെന്നെയില്‍ വന്ന് കല്യാണം കഴിഞ്ഞ് 29ന് നേരെ തിരുവനന്തപുരത്ത് സെറ്റില്‍ ജോയിന്‍ ചെയ്തു. ശശിയുടെ ബന്ധുക്കള്‍ അടക്കം മദ്രാസില്‍ ഇരിക്കുമ്പോഴാണ് ഇത്.
ഐ.വി.ശശി അതില്‍ പരിഭവമൊന്നും പറഞ്ഞില്ല. സിനിമയുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് നന്നായി അറിയാം. വിവാഹശേഷം അദ്ദേഹം സീമയോട് പറഞ്ഞ ഒരു വാക്കുണ്ട്. ‘സിനിമയാണ് എന്റെ ആദ്യഭാര്യ. നീ രണ്ടാമത്തെ ഭാര്യ’. സീമ ഒരു പുഞ്ചിരിയോടെ ആ വാക്കുകള്‍ ഏറ്റെടുത്തു. അവര്‍ക്കറിയാം ഈ സമര്‍പ്പണമാണ് ഐ.വി.ശശി എന്ന സംവിധായകനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലെത്തിച്ചത്.
വിവാഹശേഷവും അഭിനയം
കല്യാണം കഴിഞ്ഞാല്‍ നേരെ വീട്ടമ്മയാവുന്നതാണല്ലോ പൊതുവെയുളള രീതി. സീമയ്ക്ക് പക്ഷേ, അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. ഭാര്യയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന ആളായിരുന്നില്ല ശശി. ശങ്കരാടി അടക്കം ശശിയോട് മാനസികമായി അടുപ്പം പുലര്‍ത്തിയിരുന്ന പലരും സീമ തുടര്‍ന്ന് അഭിനയിക്കുന്നതിനെ അനുകൂലിച്ചു. തുഷാരവും മീനും അടക്കമുളള സിനിമകള്‍ സംഭവിക്കുന്നത് വിവാഹശേഷമാണ്. മകള്‍ അനുവിനെ ഗര്‍ഭിണിയായിരിക്കെ പലപ്പോളും നിറവയറുമായി തന്നെ സീമ അഭിനയിച്ചു. അനു ജനിച്ച ശേഷവും അഭിനയം തുടര്‍ന്നു. 1989ല്‍ മകന്‍ അനി ജനിച്ച ശേഷമാണ് കുറച്ചുകാലത്തേക്ക് അവധിയെടുത്തത്.
KOZHIKODE 19th April 2013 :Malayali veteran film director IV Sasi with wife actress Seema during his honoured function at Sarovaram bio park on Friday / Photo: By Russell Shahul , CLT #
അതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. 82ല്‍ അനു എന്റര്‍പ്രൈസസ് എന്ന പേരില്‍ ഒരു ഫിലിം യൂണിറ്റ് തുടങ്ങി. പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിന്ന് തന്നെ ഒരു വരുമാന മാര്‍ഗം എന്ന് കരുതി ആരംഭിച്ചതാണ്. കാലകാലങ്ങളില്‍ വിലകൂടിയ ലൈറ്റുകളും ക്യാമറകളും ലെന്‍സുകളും വാഹനങ്ങളും മറ്റും വാങ്ങി എന്നല്ലാതെ അതില്‍ നിന്നും കാര്യമായ വരുമാനമൊന്നും ഉണ്ടായില്ല. രണ്ടുപേരും കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം മുഴുവന്‍ യൂണിറ്റിന്റെ നടത്തിപ്പിന് ചിലവാകാന്‍ തുടങ്ങി.
തുടക്കത്തില്‍ യൂണിറ്റ് വലിയ കുഴപ്പമില്ലാതെ പോയി. അതിന്റെ ബലത്തില്‍ ഒരു എഡിറ്റിങ് സ്റ്റുഡിയോ കൂടി തുടങ്ങി. വീഴ്ച വന്നപ്പോള്‍ രണ്ടും ഒരുമിച്ച് വീണു. കടബാധ്യതകള്‍ പെരുകി. സിനിമയുമായി ബന്ധപ്പെട്ടതാണെങ്കിലും ബിസിനസുകള്‍ തുടങ്ങുന്നതിനോട് സീമയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ശശി ഇക്കാര്യത്തില്‍ ഉറച്ചു നിന്നു. നമുക്ക് എല്ലാം തന്നത് സിനിമയാണ്. നാളെ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ തന്നെ അത് സിനിമയില്‍ നിന്ന് തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച വഴിയേ നീങ്ങിയില്ല.
ബിസിനസ് തുടങ്ങുന്നതില്‍ തനിക്കുളള എതിര്‍പ്പ് സീമ ശക്തമായി പറഞ്ഞപ്പോള്‍ ശശിയുടെ മറുപടി ഇതായിരുന്നു. ‘നമ്മള്‍ ഒരു സംരംഭം തുടങ്ങിയാല്‍ അതുകൊണ്ട് കുറഞ്ഞത് ഒരു കുടുംബമെങ്കിലും ജീവിക്കും’. അത് ശരിയാണെന്ന് സീമയ്ക്കും തോന്നി. 40 ഓളം ജീവനക്കാരും അവരുടെ കുടുംബവും ആ സംരംഭം കൊണ്ട് ജീവിച്ചു. പക്ഷേ, അത് തൊഴിലുടമയുടെ ജീവിതം പ്രതിസന്ധിയിലാക്കി.
1997ന് ശേഷം ബാധ്യതകള്‍ കുമിഞ്ഞുകൂടി. അതുവരെ സമ്പാദിച്ച പണം മുഴുവന്‍ ബിസിനസില്‍ നിക്ഷേപിച്ചു. അതേസമയം റിട്ടേണ്‍സ് തീരെയില്ലായി. ഔട്ട് ഡോര്‍ യൂണിറ്റിനേക്കാള്‍ നഷ്ടം വരുത്തി വച്ചത് സ്റ്റുഡിയോ ആയിരുന്നു. സമാന്തരമായി തന്നെ ശശിക്കും സീമയ്ക്കും സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. വരുമാനം കുറഞ്ഞപ്പോള്‍ ബാധ്യതകള്‍ ഏറി വന്നു. ആരും തകര്‍ന്നു പോകാവുന്ന അവസ്ഥ. എന്നാല്‍ സീമ തളര്‍ന്നില്ല. മനസ് ഉലഞ്ഞാല്‍ പിന്നെ എല്ലാം അവസാനിച്ചു എന്ന് അവര്‍ക്കറിയാം. സിനിമയിലെന്ന പോലെ ജീവിതത്തിലും ശക്തയായ സ്ത്രീയായിരുന്നു അവര്‍. ഉയര്‍ചതാഴ്ചകള്‍ ജീവിതത്തില്‍ സ്വാഭാവികമാണെന്നും അതിനെ ഉറച്ച മനസ്സോടെ നേരിടുകയാണ് വേണ്ടതെന്നും അക്കാലത്ത് പല അഭിമുഖങ്ങളിലും സീമ കരളുറപ്പോടെ പറഞ്ഞു. ഇത്രയൊക്കെ ധൈര്യവും ആത്മവിശ്വാസവും ആര്‍ജ്ജിക്കുമ്പോഴും സാമ്പത്തികമായ തകര്‍ച്ചയുടെ ആഘാതം പുറത്ത് പറഞ്ഞു കേള്‍ക്കുന്നതിലും വലുതായിരുന്നു.
ആ സമയത്താണ് വിചിത്രമായ ഒരു ആഗ്രഹവുമായി മകള്‍ അനു സീമയെ സമീപിക്കുന്നത്.
(തുടരും)
Source link