അഴിമതി മനോഭാവം തന്നെ ഇല്ലാതാക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജിലൻസ് ആസ്ഥാനത്ത് വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണമികവ് തെളിയിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു.

അഴിമതി എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാനുള്ള നിരന്തരമായ ബോധവത്ക്കരണം സർക്കാർ സർവീസിൽ പ്രവേശിക്കുമ്പോൾ മുതൽ സർവ്വീസിന്റെ അവസാനം വരെ ജീവനക്കാർക്ക് ലഭിക്കണം.

2016 മുതൽ ഇങ്ങോട്ട് 90,000 കോടിയോളം രൂപയുടെ പദ്ധതികളാണ് കിഫ്ബി മാത്രം ഏറ്റെടുത്തത്. വികസനമുണ്ടെങ്കിൽ അഴിമതിയും ഉണ്ടാവും എന്നാണ് പറയാറ്. എന്നാൽ അഴിമതി ഇല്ലാതെ വികസന പദ്ധതികൾ നടപ്പാക്കാമെന്ന് നമ്മൾ തെളിയിച്ചിട്ടുണ്ട്.

ഈ സർക്കാർ വന്ന ശേഷം 2021 മുതൽ ഇതുവരെ 157 ട്രാപ്പുകളിലായി 187 ഉദ്യോഗസ്ഥർ പ്രതികളായിട്ടുണ്ട്. 2024 ൽ മാത്രം വിവിധ വകുപ്പുകളിൽ 6 മിന്നൽ പരിശോധന ഉൾപ്പെടെ 439 പരിശോധനകൾ നടത്തി. 107 വിജിലൻസ് കേസുകളും 71 വിജിലൻസ് എൻക്വയറികളും 271 പ്രാഥമിക അന്വേഷണങ്ങളും 86 രഹസ്യാന്വേഷണങ്ങളും രജിസ്റ്റർ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിജിലൻസ് ഉദ്യോഗസ്ഥർ,മെഡൽ ജേതാക്കളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Source link
Exit mobile version