പാലക്കാട്: കഴിഞ്ഞദിവസം ബിജെപിയിൽ നിന്ന് രാജിവച്ച വയനാട് മുൻ ജില്ലാപ്രസിഡന്റ് കെ പി മധുവിനെ കോൺഗ്രസിലെത്തിക്കാനുളള നീക്കം കൂടുതൽ ശക്തമായി. ഈ മാസം അവസാനത്തോടെ കേരളത്തിലെത്തുന്ന പ്രിയങ്കാ ഗാന്ധിയിൽ നിന്ന് അംഗത്വം സ്വീകരിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപാേകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉന്നത കോൺഗ്രസ് നേതാക്കൾ കെ പി മധുവുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ഏറക്കുറെ തീരുമാനിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. മധുവിനെ കോൺഗ്രസിൽ എത്തിക്കാനുളള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സന്ദീപ് വാര്യരാണ്.
സന്ദീപ് വാര്യർക്ക് തൊട്ടുപുറകേ മുതിർന്ന മറ്റൊരു ബിജെപി നേതാവ് കോൺഗ്രസിലേക്ക് എത്തുന്നത് അടുത്തുനടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവർത്തകർക്ക് കൂടുതൽ ഉന്മേഷം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇത് ദേശീയ തലത്തിലും കോൺഗ്രസിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തലിന്റെ ഭൂരിപക്ഷം കൂടി എന്നതിനൊപ്പം ശക്തികേന്ദ്രങ്ങളിൽപ്പാേലും ബിജെപിക്ക് വോട്ട്കുറയുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട്. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരെ കോൺഗ്രസിലേക്ക് എത്തിക്കാനുളള നീക്കം സന്ദീപ് വാര്യർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്’ എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുതന്നെ ഇതിന് ഉദാഹരണം.
ബിജെപിയിൽ നിന്നാരും കോൺഗ്രസിലേക്ക് പോകില്ലെന്ന് പറയുന്നുണ്ടെങ്കിലും ജനസ്വാധീനമുളള പ്രധാനികൾ ഉൾപ്പെടെയുള്ല പ്രമുഖർ പാർട്ടി വിട്ടേയ്ക്കുമോ എന്ന് നേതൃത്വത്തിന് ഭയമുണ്ട്. സംയശമുള്ള പലരും പാർട്ടിയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറെ ജനസ്വാധീനമുള്ള സന്ദീപ് വാര്യരെ പിണക്കി കോൺഗ്രസിലെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവർത്തകരിൽ ഭൂരിഭാഗവും പറയുന്നത്. അതിന്റെ ഫലം പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടിയിൽ ഇതുപോലെ നേതാക്കൾ പരസ്പരം പാരവയ്പ്പുമായി ഇറങ്ങിയാൽ എങ്ങനെ ജനങ്ങൾ പാർട്ടിയെ വിശ്വാസത്തിലെടുക്കുമെന്നും അവർ ചോദിക്കുന്നു.
എന്നാൽ, കേരളത്തിലെ തർക്കത്തിൽ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ. സംസ്ഥാന അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
Source link