CINEMA

‘അവർക്കൊന്നും മറുപടി പറയാൻ ഞാനില്ല’; സീരിയൽ വിമർശനത്തിൽ‌ പ്രതികരിച്ച് പ്രേംകുമാർ

ധർമജൻ ബോൾഗാട്ടിക്ക് മറുപടിയുമായി നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമെന്ന പ്രേംകുമാറിന്റെ അഭിപ്രായപ്രകടനമാണ് വിവാദങ്ങൾക്ക് വഴി വച്ചത്. 
“ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഒരു നാടല്ലേ നമ്മുടേത്. അത് ഭരണഘടന ഉറപ്പുനൽകുന്നതാണ്. എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളതുപോലെ ആർക്കും അവരുടെ അഭിപ്രായം, നിലപാടുകൾ, ചിന്തകൾ എല്ലാം പറയാം. അതൊക്കെ ഞാൻ സ്വാഗതം ചെയ്യുന്നു. യാതൊരു അസഹിഷ്ണുതയും എനിക്ക് അക്കാര്യത്തിൽ ഇല്ല. അവർക്കൊന്നും മറുപടി പറയാനും ഞാനില്ല,” പ്രേംകുമാർ പറഞ്ഞു. 

സീരിയലിനെ ‘എൻഡോസൾഫാൻ’ എന്നു പരാമർശിച്ച് പ്രേംകുമാർ നടത്തിയ അഭിപ്രായപ്രകടനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിന് ഇടയിലാണ് സീരിയലുകളെ വിമർശിച്ച് പ്രേംകുമാർ രംഗത്തെത്തിയത്. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഈ നിലപാടാണ് വിവാദമായത്. 

പ്രേംകുമാറും സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടിയെന്നു കരുതി അതൊന്നും മറക്കരുതെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു ധർമജന്റെ പ്രതികരണം. 

“ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ,” ധർമജൻ സമൂഹമാധ്യമത്തിൽ കുറിച്ചു.


Source link

Related Articles

Back to top button