കൽപ്പറ്റ: നിയുക്ത എം പി പ്രിയങ്ക ഗാന്ധി നവംബർ 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. നാളെയാണ് പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം നാളെതന്നെ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ഉന്നയിച്ചേക്കുമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നാളെ എംപിമാർ പാർലമെന്റ് മാർച്ച് നടത്തുമെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി. ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിഖ്, എൻ ഡി അപ്പച്ചൻ, കെ എൽ പൗലോസ്, പി കെ ബഷീർ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘം പ്രിയങ്ക ഗാന്ധിയെ ഡൽഹിയിലെത്തി സന്ദർശിച്ചിരുന്നു. വയനാട് എംപിയായി പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈമാറാനാണ് ഇവർ ഡൽഹിയിലെത്തിയത്. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കം ജയിച്ചത്. മണ്ഡലത്തിൽ രാഹുൽ ഗാന്ധി മേയിൽ നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തിരുന്നു. രാഹുലിനെക്കാൾ 46,509 വോട്ട് പ്രിയങ്ക അധികം നേടി. 2019ൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ലഭിച്ചത് 2,11,407 വോട്ടുകൾ മാത്രമാണ്.
Source link