വീടിന്റെ കന്നിമൂല ഇങ്ങനെയാണോ? സമ്പത്ത് വർധിക്കാനും ചെലവു കുറയ്ക്കാനും ഈ മാർഗങ്ങൾ- Vastu Shastra Tips for Your Home | ജ്യോതിഷം | Astrology | Manorama Online
വീടിന്റെ കന്നിമൂല ഇങ്ങനെയാണോ? സമ്പത്ത് വർധിക്കാനും ചെലവു കുറയ്ക്കാനും ഈ മാർഗങ്ങൾ
അഷ്ടലക്ഷ്മി പട്ടാഭിരാമൻ
Published: November 27 , 2024 04:09 PM IST
1 minute Read
വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം.
Image Credit: Liya Graphics / Shutterstock
മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്. വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ വാസ്തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടുള്ള കുടുംബജീവിതം സാധ്യമാകൂ. ചെറിയ അശ്രദ്ധ ചിലപ്പോൾ സാമ്പത്തികനഷ്ടവും രോഗദുരിതങ്ങളും വരുത്തിവയ്ക്കും. ഇതൊഴിവാക്കാൻ പൊതുവായി ചില വാസ്തുകാര്യങ്ങൾ ശ്രദ്ധിക്കാം.
വീടിന്റെ നാലുമൂലകളും മധ്യഭാഗവുമാണ് എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കേണ്ടത്. വടക്കുകിഴക്ക് ഈശാനകോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വാസ്തുപുരുഷന്റെ തല വരുന്ന ഭാഗമാണിത്. ആത്മീയകാര്യങ്ങൾക്ക് ഈ ഭാഗം വിനിയോഗിക്കുന്നതാണ് ഉത്തമം. കഴിവതും ഭാരമുള്ള വസ്തുക്കൾ ഈ ഭാഗത്ത് സൂക്ഷിക്കാതിരിക്കുക. വീടിന്റെ ഈ ഭാഗത്ത് കിണർ വരുന്നതാണ് ഏറ്റവും ഉത്തമം.
തെക്കുകിഴക്ക് അഗ്നികോൺ അടുക്കളയ്ക്കാണ് ഏറ്റവും അനുയോജ്യം. പേര് സൂചിപ്പിക്കുന്നതുപോലെ അഗ്നിദേവന്റെ ദിക്കാണ് ഈ ഭാഗം .അതിനാൽ യാതൊരു കാരണവശാലും ജലസാമീപ്യം ഈ ഭാഗത്തു പാടില്ല. സ്വർണ്ണം, പണം, വിലപിടിപ്പുള്ള വസ്തുക്കളൊന്നും തന്നെ ഈ ഭാഗത്തു സൂക്ഷിക്കരുത്. കൂടാതെ മരുന്നുകളും ഈ ഭാഗത്ത് വയ്ക്കാൻ പാടില്ല.
തെക്കുപടിഞ്ഞാറെ ഭാഗമായ കന്നിമൂല വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്. സാമ്പത്തിക അഭിവൃദ്ധി തരുന്ന ദിക്കാണിത്. സ്വർണ്ണം, പണം, വിലപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ ഭാഗമാണ്. കിണർ, പ്രധാനവാതിൽ, ഗേറ്റ്, തൂണുകൾ, കാർപോർച്ച്, സെപ്റ്റിക് ടാങ്ക് എന്നിവ ഈ ഭാഗത്തു വരരുത്. ഈ ഭാഗത്ത് കറുകപടർത്തുന്നത് വാസ്തു ദോഷങ്ങൾ ഒരുപരിധിവരെ കുറയ്ക്കാൻ ഉത്തമമാണ്. ഭാരമുള്ള വസ്തുക്കൾ ഈ ഭാഗത്ത് സൂക്ഷിക്കാം. വാസ്തുപുരുഷന്റെ കാൽഭാഗം വരുന്നത് തെക്കുപടിഞ്ഞാറേമൂലയിലാണ്.
വടക്കുപടിഞ്ഞാറേ ദിക്കായ വായൂകോൺ വേണ്ടരീതിയിൽ പരിപാലിച്ചാൽ അഭിവൃദ്ധിയാണ് ഫലം. വായുദേവനാണ് ഈ ദിക്കിന്‍റെ ദേവത. ഇവിടെ മുറികൾ അധികമായി നിർമിക്കുന്നത് ഉചിതമല്ല. ഈ ദിക്കിൽ ഏതെങ്കിലുംതരത്തിലുള്ള ദോഷം സംഭവിച്ചാൽ ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം.
വീടിന്റെ മധ്യഭാഗം കഴിവതും ഒഴിച്ചിടണം. ഭാരമുള്ള ഫർണിച്ചറുകൾ ഇവിടെ വരരുത്. വീടിന്റെ ബ്രഹ്മസ്ഥാനമാണിത്. ഈ ഭാഗത്തെ പിഴവ് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
30fc1d2hfjh5vdns5f4k730mkn-list mo-astrology-vasthu mo-astrology-goodluck mo-astrology-belief 7a3ob7j36ro2v59803ee81ce7h 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-wealth-luck
Source link