ശബരിമല: പതിനെട്ടാംപടിയിൽ ശ്രീകോവിലിന് പുറംതിരിഞ്ഞുനിന്ന് കൂട്ടത്തോടെ ഫോട്ടോ എടുത്ത സംഭവത്തിൽ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസറാണ് നോട്ടീസ് നൽകിയത്. എ.ഡി.ജി.പിയോട് വിശദീകരണം തേടിയശേഷം ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ മുകളിൽവരെ വരിവരിയായി നിന്നാണ് മുപ്പതോളം പൊലീസുകാർ ഫോട്ടോയെടുത്തത്. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽപെട്ടവരാണ് ഇവർ. പതിനെട്ടാംപടി ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും പൂജകൾക്കടക്കം പുറംതിരിഞ്ഞ് ഇറങ്ങാറില്ല.
ആചാര ലംഘനമെന്ന്
പൊലീസ് നടത്തിയത് ആചാര ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിക്ഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ആചാര സംരക്ഷണ സമിതി എന്നിവ ആരോപിച്ചു. ഇതുസംബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ ഹർജി നൽകി.
പതിനെട്ടാംപടി പവിത്രം
ഇരുമുടിക്കെട്ടില്ലാതെ ആരേയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല. ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന ഇടമാണ് പതിനെട്ടാംപടി. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അവകാശം. തീർത്ഥാടകരെ പടികയറാൻ പടിയുടെ അരികിൽ നിന്നാണ് പൊലീസുകാർ സഹായിക്കുന്നത്. സന്നിധാനത്ത് ഫോട്ടോയെടുക്കുന്നതിന് നിരോധനമുണ്ട്. ഇത് അവഗണിച്ച് ചില തീർത്ഥാടകർ മൊബൈലിൽ ഫോട്ടോയെടുക്കാറുണ്ട്.
Source link