മെഡിസെപ് പരിധിയിൽ ആശങ്ക വേണ്ട ; റീ ഇംബേഴ്സ്‌മെന്റ് കിട്ടും

തിരുവനന്തപുരം:മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസിന്റെ പരിധി കഴിഞ്ഞവർക്ക് മെഡിക്കൽ റീഇംബേഴ്സ്‌മെന്റ് അനുവദിച്ച് സർക്കാർ ഉത്തരവായി. മെഡിസെപ് വരും മുമ്പേ സർക്കാർ ജീവനക്കാർക്ക് ആരോഗ്യസുരക്ഷാചട്ട പ്രകാരം നിലവിലുണ്ടായിരുന്ന മെഡിക്കൽ റീഇംബേഴ്സമെന്റാണ് ഇവർക്കും അനുവദിക്കുന്നത്.
മെഡിസെപ് വന്നതോടെ ഇതിന്റെ പ്രസക്തി കുറഞ്ഞിരുന്നു. മെഡിസെപ്പിന്റെ മൂന്ന് വർഷ കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ്
ആശ്വാസ നടപടി.
മെഡിസെപ് കരാറിൽ ഒപി ചികിത്സ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ സർക്കാർ ജീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്സ്‌മെന്റ് നിയന്ത്രണങ്ങളോടെ തുടർന്നിരുന്നു. സർക്കാർ ആശുപത്രികളിലെയും ആർസിസി, ശ്രീചിത്ര, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെയും ചികിത്സയ്ക്ക് മെഡിക്കൽ റീഇംബേഴ്സ്‌മെന്റ് നൽകിപ്പോന്നു. മെഡിസെപ് പരിധി കഴിഞ്ഞവർക്കും ഇത് ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്. ഇത് പ്രകാരം ആരോഗ്യപരിരക്ഷാ ചട്ടമനുസരിച്ചുള്ള ആനുകൂല്യങ്ങൾ കർശനമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർക്കും ലഭ്യമാക്കും. ഇതിനായി ചികിത്സാ ബിൽ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവി മുഖേന സമർപ്പിക്കണം. അർഹമായത് പണമായി തിരിച്ചുകിട്ടും.
മെഡിസെപ്പിൽ ഓരോ കുടുംബത്തിനും മൂന്നുവർഷത്തെ പോളിസിയിൽ പ്രതിവർഷം 3 ലക്ഷം രൂപയുടെ പരിരക്ഷയാണുള്ളത്. ഓരോ വർഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ നഷ്ടമാകും. ഫ്‌ളോട്ടർ തുകയായ 1.5 ലക്ഷം രൂപ തുടർന്നുള്ള വർഷങ്ങളിലേക്ക് കൈമാറും. മൂന്നാം വർഷം പലർക്കും ഇൗ തുക തീർന്നു. ഇവർക്കാണ് ഉത്തരവ് ആശ്വാസമാകുന്നത്. ഉത്തരവ് ഇറങ്ങിയ 22.11.2024 മുതലാണ് പ്രാബല്യം. ഇവർക്ക് ആരോഗ്യപരിക്ഷാനിയമ പ്രകാരം എംപാനൽ ചെയ്തട്ടുള്ളതോ മെഡിസെപ്പിൽ ഉൾപ്പെട്ടതോ ആയ സർക്കാർ – സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വ്യക്തമാക്കുന്ന മെഡിസെപ്പിൽ നിന്നുള്ള രേഖകളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ റീഇംബേഴ്സ് ചെയ്യാം.
റീഇംബേഴ്സ്‌മെന്റ് വ്യവസ്ഥകൾ:
എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലെ ഒ.പി. ചികിത്സ
ആയുർവേദ,ഹോമിയോപ്പതിചികിത്സകൾ
മെഡിസെപ്പിൽ ഉൾപ്പെടാത്ത കിടത്തി ചികിത്സ
മെഡിസെപിൽ ചേരാത്ത എം.പാനൽ ചെയ്ത സ്വകാര്യ ആശുപത്രി ചികിത്സ,
എംപാനൽ ചെയ്തിട്ടുള്ള സംസ്ഥാനത്തിന് പുറത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ.
ശ്രീചിത്ര ആശുപത്രിയിലെ ചികിത്സ
മെഡിസെപിൽ ഇല്ലാത്ത ആശുപത്രികളിൽ ഗുരുതരരോഗത്തിന് ചികിത്സ
Source link