ഗസ്റ്റ് അദ്ധ്യാപക നിയമനം : വിവാദ റാങ്ക് ലിസ്റ്റ് ഗവർണർക്ക് അയച്ച് കേരള യൂണി. വി.സി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 12 ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഡി.വൈ.എഫ്.ഐ നേതാവും സിൻഡിക്കേറ്റംഗവുമായ ജെ.എസ്. ഷിജുഖാൻ അദ്ധ്യക്ഷനായ ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടിക ഗവർണർക്ക് അയച്ച് കേരള സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മൽ. റാങ്ക് ലിസ്റ്റ് യു.ജി.സി ചട്ടം ലംഘിച്ചാണ് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണിത്. റാങ്ക് പട്ടിക സിൻഡിക്കേറ്റ് നേരത്തേ വോട്ടെടുപ്പിലൂടെ അംഗീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ കേസിൽ, റാങ്ക് പട്ടിക ഗവർണറുടെ പരിഗണനയ്ക്ക് അയച്ചതായി വി.സി സത്യവാങ്മൂലം നൽകി.
യു.ജി.സി ചട്ടപ്രകാരം ഇന്റർവ്യൂ ബോർഡിന്റെ അദ്ധ്യക്ഷൻ വി.സിയോ, വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം. സീനിയർ പ്രൊഫസറെ അദ്ധ്യക്ഷയാക്കണമെന്ന വി.സിയുടെ നിർദ്ദേശം തള്ളിയാണ് സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയുമായ ജെ.എസ് ഷിജുഖാനെ അദ്ധ്യക്ഷനാക്കിയത്. സിൻഡിക്കേറ്റിലെ സി.പി.എം ഭൂരിപക്ഷത്തിന്റെ ബലത്തിൽ റാങ്ക്ലിസ്റ്റ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചിരുന്നു. ഭരണപക്ഷത്തെ 14പേർ അനുകൂലിച്ചപ്പോൾ രണ്ട് ബിജെപി അംഗങ്ങൾ എതിർത്തു. ചട്ടലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പി. അംഗം പി.എസ്.ഗോപകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിൻഡിക്കേറ്റ് തീരുമാനങ്ങളിൽ പിഴവുണ്ടെങ്കിൽ ഗവർണറുടെ പരിഗണനയ്ക്ക് വി.സി അയയ്ക്കണമെന്നാണ് സർവകലാശാലാ നിയമം. ഇനി ഗവർണർ അനുമതി നൽകിയാലേ തീരുമാനം നടപ്പാക്കാനാവൂ. ഒരു വർഷത്തേക്കാണ് ഗസ്റ്റ് അദ്ധ്യാപക നിയമനം. 5വർഷം വരെ നീട്ടാനുമാവും. 75,000 രൂപയാണ് മാസശമ്പളം. സ്ഥിരം നിയമനത്തിന്റെ യോഗ്യതകളെല്ലാം ബാധകമാണ്. നിലവിൽ 12ഒഴിവുകളാണെങ്കിലും നാല് വർഷത്തിനകം 50 ഒഴിവുകളുണ്ടാവും.
സിൻഡിക്കേറ്റംഗവും സി.പി.എം അദ്ധ്യാപക സംഘടനാ നേതാവുമായ ഡോ.എസ്.നസീബിന് അസോ.പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനവും വി.സി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചു.
നിയമസഭയിൽ ഭരണഘടന
വാർഷികാഘോഷം
തിരുവനന്തപുരം: ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി നിയമസഭയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാർക്ക് സ്പീക്കർ എ.എൻ. ഷംസീർ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. 28 വരെ നിയമസഭാ ലൈബ്രറിയിൽ നടക്കുന്ന പുസ്തക പ്രദർശനത്തിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. എം.എൽ.എമാരായ ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, നെഹ്റു യുവ കേന്ദ്ര കേരള സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ എന്നിവരും പങ്കെടുത്തു. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ നടന്ന പദയാത്രയിലെ അഞ്ഞൂറോളം പ്രവർത്തകർക്ക് നിയമസഭയിൽ സ്വീകരണം നൽകി.
സ്പോർട്സ് ഡയറക്ടർ പി. വിഷ്ണുരാജ് ഫ്ളാഗ് ഒഫ് ചെയ്തു. നെഹ്റു യുവകേന്ദ്ര സംഘതൻ സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ സ്വാമി വിവേകാനന്ദ പ്രതിമയിൽ ഹാരാർപ്പണം നടത്തി. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ പി.എൻ. സന്തോഷ് പങ്കെടുത്തു.
Source link