കൊച്ചി: കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയതായി പരാതി. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലുടമയെയാണ് ദേവൻ എന്നയാൾ ഭീഷണിപ്പെടുത്തിയത്. ഇയാൾ കാപ്പ കേസിൽ ഉൾപ്പടെ പ്രതിയാണ്. സംഭവത്തിന് പിന്നാലെ കടവന്ത്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ദേവൻ സുഹൃത്തിനോടൊപ്പമാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. രണ്ട് പേരും ബിരിയാണിയാണ് കഴിച്ചത്. സമീപവാസികളായ ഇരുവരും ഇടയ്ക്കിടെ ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കാറുണ്ടെന്ന് ഉടമ പറയുന്നു. എന്നാൽ ഇന്നലെ ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതോടെ ദേവൻ ദേഷ്യപ്പെട്ടു. പിന്നാലെ വടിവാളെടുത്ത് കുത്താൻ ശ്രമിക്കുകയും കയർക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്. ഇത് മനസിലാക്കിയ കടയുടമ സംയമനത്തോടെയായിരുന്നു സമീപിച്ചത്. കടയിൽ നല്ല തിരക്കുള്ളപ്പോഴായിരുന്നു ഈ നാടകീയ രംഗങ്ങൾ നടന്നത്. ഇതേത്തുടർന്ന് ഒന്നരമണിക്കൂറോളം കടയുടെ പ്രവർത്തനം തടസപ്പെട്ടതായി കടയുടമ പറഞ്ഞു. പ്രതി സ്ഥലത്ത് നിന്ന് പോയി പത്ത് മിനിറ്റിന് ശേഷം പൊലീസ് സ്ഥലത്തെത്തി. തുടർന്നാണ് ദേവനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദേവനെന്ന് പൊലീസ് പറയുന്നു.
Source link