തൃശൂർ: തടിലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. തൃശൂർ നാട്ടികയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. നാടോടി സംഘത്തിലുള്ളവരാണ് മരിച്ചത്.
നാട്ടിക ജെ കെ തിയേറ്ററിനടുത്ത് ദേശീയ പാതയിൽ മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. മേൽപ്പാലത്തിന്റെ പണി നടക്കുന്നതിനാൽ ബാരിക്കേഡുകൊണ്ട് കെട്ടിമറച്ചിട്ടുണ്ടായിരുന്നു. ഇവിടേയ്ക്കാണ് കണ്ണൂരിൽ നിന്ന് കൊച്ചി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തടിലോറി ഉറങ്ങിക്കിടക്കുകയായിരുന്ന പതിനൊന്നുപേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറിയത്.
കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ആറുപേരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ വർഷങ്ങളായി പ്രദേശത്ത് ജോലി ചെയ്ത് കഴിഞ്ഞുവന്നവരായിരുന്നു.
മദ്യലഹരിയിലായിരുന്ന ക്ളീനറാണ് ലോറി ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ജോസും ക്ളീനർ കണ്ണൂർ ആലക്കോട് സ്വദേശി അലക്‌സും (33)അറസ്റ്റിലായി. അപകടം നടന്നയിടത്ത് സൂചനാബോർഡുകളും ഉണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആദ്യം ആരംഭിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link