പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു, പരിക്ക് കണ്ണിനും ചുണ്ടിനും; ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയുടെ (26) കണ്ണിലും ചുണ്ടിനുമാണ് പരിക്കേറ്റത്. യുവതിയെ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഭർത്താവ് രാഹുലിന്റെ വീട്ടിൽ നിന്ന് യുവതിയെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.നീമയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം രാഹുൽ ആശുപത്രിയിൽ നിന്ന് മുങ്ങിയിരുന്നു. തുടർന്ന് പാലാഴി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് പോകണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി മുമ്പ് രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കിപ്പുറമായിരുന്നു ആരോപണം. ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്നുമൊക്കെ പറഞ്ഞിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടെന്നും ആരോപിച്ചിരുന്നു. പിന്നാലെ പൊലീസ് കേസെടുത്തു.
എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം തന്നെ ഭർത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യൂട്യൂബ് വീഡിയോയിലൂടെ യുവതി വീണ്ടും രംഗത്തെത്തി.ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും വീഡിയോയിൽ യുവതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പരാതിയില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും തുടർന്ന് കേസ് റദ്ദാക്കുകയും ചെയ്‌തിരുന്നു.
Source link