ഒരു മാസം വിഡിയോ കോളിന് മുന്നിൽ; നഷ്ടപ്പെട്ടത് 3.8 കോടി രൂപ: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
ഒരു മാസം വിഡിയോ കോളിനു മുന്നിൽ, നഷ്ടപ്പെട്ടത് 3.8 കോടി രൂപ; രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് – Digital Arrest Scam | Mumbai | Latest News | Malayala Manorama
ഒരു മാസം വിഡിയോ കോളിന് മുന്നിൽ; നഷ്ടപ്പെട്ടത് 3.8 കോടി രൂപ: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
ഓൺലൈൻ ഡെസ്ക്
Published: November 26 , 2024 04:46 PM IST
1 minute Read
Representative image
മുംബൈ∙ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 77കാരി. മുംബൈ സ്വദേശിയായ വയോധികയെ ഐപിഎസ് ഓഫിസറെന്നും മറ്റ് നിയമപാലകരെന്നും അവകാശപ്പെട്ടാണ് സൈബർ തട്ടിപ്പുകാർ കബളിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റ് ചെയ്ത ശേഷം 3.8 കോടി രൂപയാണ് തട്ടിയെടുത്തത്.
ഒരു ഫോൺ കോളിൽ നിന്നാണ് തുടക്കം. താൻ തായ്‌വാനിലേക്ക് അയച്ച പാഴ്‌സൽ പിടിച്ചെടുത്തതായി വയോധികയ്ക്ക് വാട്സാപ്പ് കോൾ ലഭിച്ചു. അഞ്ച് പാസ്‌പോർട്ടുകൾ, ഒരു ബാങ്ക് കാർഡ്, നാലു കിലോ വസ്ത്രങ്ങൾ, എംഡിഎംഎ എന്നിവ പാഴ്സലിൽ നിന്നും കണ്ടെത്തിയതെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു. അജ്ഞാത നമ്പറിൽ നിന്നുള്ള വാട്സാപ്പ് കോൾ സൈബർ തട്ടിപ്പിന്റെ തുടക്കം മാത്രമായിരുന്നു.
സൈബർ തട്ടിപ്പുകാർ വയോധികയ്ക്ക് ക്രൈംബ്രാഞ്ചിന്റെ സ്റ്റാംപ് പതിച്ച വ്യാജ നോട്ടിസാണ് ആദ്യം അയച്ചത്. താൻ പാഴ്‌സലൊന്നും അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ, ആധാർ കാർഡ് വിശദാംശങ്ങൾ കുറ്റകൃത്യത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും സ്‌കൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോൾ വിച്ഛേദിക്കരുതെന്നും കേസിനെ കുറിച്ച് ആരോടും പറയരുതെന്നും കർശനമായി ആവശ്യപ്പെട്ടിരുന്നു.
ആനന്ദ് റാണ എന്ന ഐപിഎസ് ഓഫിസറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ വയോധികയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു. വൈകാതെ, ധനകാര്യ വകുപ്പിലെ ഐപിഎസുകാരനായ ജോർജ് മാത്യുവെന്ന് അവകാശപ്പെട്ട് മറ്റൊരാൾ കോളിലേക്ക് എത്തി. അന്വേഷണത്തിന്റെ ഭാഗമായി പങ്കിട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ഇയാൾ വയോധികയോട് ആവശ്യപ്പെട്ടു. നിരപരാധിയാണെന്ന് കണ്ടെത്തിയാൽ പണം തിരികെ നൽകാമെന്നു പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ ഉറപ്പും നൽകി.
24 മണിക്കൂർ വിഡിയോ കോളിൽ തുടരാനാണ് ആദ്യം സ്ത്രീയോട് ആവശ്യപ്പെട്ടത്. ആദ്യം 15 ലക്ഷം രൂപയാണ് കൈമാറിയത്. എന്തെങ്കിലും കാരണവശാൽ വിഡിയോ കോൾ കട്ടായാൽ തട്ടിപ്പുകാർ വീണ്ടും വിളിച്ച് വിഡിയോ ഓണാക്കാൻ ഭീഷണിപ്പെടുത്തുമായിരുന്നു. ഒരു മാസത്തോളം ഇതു തുടർന്നു. ഇത്തരത്തിൽ 3.8 കോടി രൂപ വയോധികയ്ക്ക് നഷ്ടപ്പെട്ടു. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വയോധിക മകളോട് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവയ്ക്കുകയും തുടർന്ന് മകൾ പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
English Summary:
Digital Arrest Scam – One Month of Video Calls, 3.8 Crore Rupees Lost. Country’s Biggest Digital Arrest Scam in Mumbai
43rb55f5fj8km6hr6anre0kgl6 5us8tqa2nb7vtrak5adp6dt14p-list mo-crime-cybercrime 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-crime-bankingfraud
Source link