തൃശൂർ: നാട്ടികയിലെ അപകടത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ് നാടോടി കുടുംബം. ഒട്ടും പ്രതീക്ഷിക്കാതെ കടുന്നുവന്ന ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും അവർ മുക്തരായിട്ടില്ല. തലനാരിഴയ്‌ക്കാണ് താൻ രക്ഷപ്പെട്ടതെന്നാണ് നാടോടി കുടുംബത്തിലെ ഒരു യുവതി പറഞ്ഞത്. റോഡിൽ നിരന്ന് കിടന്ന കൂട്ടത്തിൽ ഏറ്റവും അവസാനമാണ് കിടന്നിരുന്നത്. അതിനാൽ വാഹനം വരുന്നത് കണ്ടപ്പോൾ മാറിയെന്നും യുവതി പറഞ്ഞു. നാല് വയസുകാരനായ ജീവനെ നഷ്‌ടപ്പെട്ട വിഷമത്തിൽ അവർ പൊട്ടിക്കരഞ്ഞു.
‘ഞങ്ങളെല്ലാവരും കിടക്കുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നു. ലോറി മതിൽ തകർത്ത് ഞങ്ങൾക്ക് നേരെ വന്നു. ഞങ്ങളുടെ ചേട്ടനെയും ചേച്ചിയെയും ഇടിച്ചു. കുട്ടിയെ വരെ ഇടിച്ച ശേഷം പിന്നെയും തിരിച്ചുവന്ന് ഇടിച്ചു ‘, നാടോടി സംഘത്തിലെ മറ്റൊരാൾ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇവർ സംസാരിക്കുന്നത്.
നാല് വയസുള്ള ജീവ ഒരു വയസുള്ള വിശ്വ എന്നീ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും മദ്യപിച്ചിട്ടുണ്ടായിരുന്നു. കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ഡ്രൈവറായ ജോസ് വാഹനം ഓടിക്കാൻ സാധിക്കാത്ത വിധത്തിൽ മദ്യലഹരിയിലായിരുന്നു. അതിനാൽ, ക്ലീനറായ അലക്‌സാണ് ലോറി ഓടിച്ചത്. രണ്ടുപേരെയും വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ 3.50നാണ് പണി പുരോഗമിക്കുന്ന ദേശീയ പാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞുകയറിയത്. കാളിയപ്പൻ (50), ബംഗാഴി (20), നാഗമ്മ (39) എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് അപകടം സൃഷ്‌ടിച്ചത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ ഉൾപ്പെടെ ലോറി തകർത്തു.
Source link