മഹാശനിമാറ്റം 2025; കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമശ്ശനി ബാധിക്കുന്ന നക്ഷത്രക്കാർ


2025 മാർച്ച് 29 നു മഹാ ശനിമാറ്റം വരുന്നു. ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് മാറുന്നു.
ശനിദോഷകാലത്തെ  ഭയപ്പെടുന്നവരാണ് മിക്കവരും. ‘കണ്ടകശ്ശനി കൊണ്ടേ പോകൂ’ എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന ഒരു കാലഘട്ടമാണിത്. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷ സമയത്തു സംഭവിക്കാം. 

നവഗ്രഹങ്ങളിൽ ഏറ്റവും ശക്തിയേറിയ ഗ്രഹമായി പറയപ്പെടുന്നത് ശനിയെയാണ്. സൂര്യന്‍റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. 2025 മാർച്ച് മാസത്തിലാണ് ശനി രാശിമാറുന്നതെങ്കിലും കുറഞ്ഞത് മൂന്ന് മാസം മുന്നേ ഫലങ്ങൾ അനുഭവത്തിൽ വരാനിടയുണ്ട്.
കണ്ടകശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4) – കർമ രംഗത്തു തടസ്സങ്ങൾ , ഭാഗ്യഭംഗം , ആരോഗ്യ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം .
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) –  കടബാധ്യതകൾ വർധിക്കാനിടയുണ്ട്  . പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4) – മാനസികബുദ്ധിമുട്ടുകൾ ഏറിയിരിക്കും. തൊഴിൽ തടസ്സങ്ങൾ നേരിടാം. എല്ലാക്കാര്യത്തിലും മന്ദത അനുഭവപ്പെടാം. 

ഏഴരശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) –  അനാവശ്യ ചെലവുകൾ വന്നു ചേരാം. പണമിടപാടുകൾ ശ്രദ്ധിക്കണം 
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) – വളരെ ശ്രദ്ധയോടെ മുന്നോട്ടു പോവേണ്ടകാലമാണ്. ക്ഷമയോടെ എല്ലാക്കാര്യങ്ങളെയും സമീപിക്കുക 

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) – ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്.

അഷ്ടമശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4) – കർമ രംഗത്തു ബുദ്ധിമുട്ടുകൾ നേരിടാം. ആരോഗ്യപരമായ വൈഷമ്യങ്ങൾ ഉണ്ടാവാം . ശത്രുശല്യം വർധിക്കും. 2025 ൽ  വ്യാഴം അനുകൂല സ്ഥാനമായ പതിനൊന്നാം  ഭാവത്തിലേക്ക് മാറുന്നതിനാൽ അഷ്ടമശ്ശനി ദോഷകാഠിന്യം കുറയാനിടയുണ്ട്.
ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരുപോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. മിക്കവർക്കും ഭയമുള്ള കാലഘട്ടമാണിതെങ്കിലും ജീവിതത്തിൽ  ചില നല്ല കാര്യങ്ങൾ  ശനിയുടെ രാശിമാറ്റ  സമയത്തും നടക്കാറുണ്ട്. ശനി ജാതകത്തില്‍ ഇഷ്ടഭാവത്തിലും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയില്ല. 

ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്നവർ ശനിപ്രീതി വരുത്തണം.  വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത പുലർത്തുക , മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ് എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക…എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രം നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമാണ്.
ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിദശയുടെ കാഠിന്യം കുറയ്ക്കാൻ ശബരിമല ദർശനം ഉത്തമമാണെന്ന് ജ്യോതിഷ പണ്ഡിതർ ഉപദേശിക്കാറുണ്ട്. ശിവന്റെയും വിഷ്ണുവിന്‍റെയും പുത്രനായ അയ്യപ്പസ്വാമിയ്ക്ക്  നീരാജനം, എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർ‌ച്ചനയും നടത്തി പ്രാർഥിച്ചാൽ ശനിദോഷം ശമിക്കും എന്നാണ് വിശ്വാസം. 

ശനിദോഷം ഒരിക്കലും ഹനൂമാൻ സ്വാമിയെയും ഹനൂമദ്ഭക്തരെയും ബാധിക്കില്ല എന്നാണ് വിശ്വാസം. ഭഗവാനു വെറ്റിലമാല സമർപ്പണം പ്രധാന വഴിപാടാണ്.
ഗണേശ പ്രീതിയും ശനിദോഷശാന്തിക്ക് ഉത്തമമാണ്. നിത്യവും പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നതു ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഒറ്റമൂലിയാണ്.


Source link
Exit mobile version