‘മഹാറാണ’യായി കിരീടധാരണം, ബിജെപി എംഎൽഎയെ കൊട്ടാരത്തിൽ കയറ്റിയില്ല; പിന്നാലെ സംഘർഷം, തെരുവുയുദ്ധം

മഹാറാണയായി കിരീടധാരണം, ബിജെപി എംഎൽഎയെ കൊട്ടാരത്തിൽ കയറ്റിയില്ല; പിന്നാലെ സംഘർഷം, തെരുവുയുദ്ധം- Clashes At Udaipur Palace Gates Over New Maharana’s Face-Off With Cousin | Manorama News | Manorama Online

‘മഹാറാണ’യായി കിരീടധാരണം, ബിജെപി എംഎൽഎയെ കൊട്ടാരത്തിൽ കയറ്റിയില്ല; പിന്നാലെ സംഘർഷം, തെരുവുയുദ്ധം

ഓൺലൈൻ ഡെസ്‌ക്

Published: November 26 , 2024 12:27 PM IST

Updated: November 26, 2024 12:59 PM IST

1 minute Read

മേവാർ രാജകുടുംബത്തിന്റെ തലവനായി അഭിഷേകം ചെയ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, ഉദയ്പുർ കൊട്ടാരത്തിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ബിജെപി എംഎൽഎ വിശ്വരാജ് സിങ്ങിന്റെ അനുയായികൾ പൊലീസ് ബാരിക്കേഡ് തകർക്കുന്നു.(PTI Photo)(PTI11_26_2024_000006A)

ഉദയ്പുർ∙ മേവാർ രാജകുടുംബത്തിന്റെ 77-ാമത് മഹാറാണയായി ബിജെപി എംഎൽഎയും രാജകുടുംബാംഗവുമായ വിശ്വരാജ് സിങിന്റെ കിരീടധാരണത്തിനു പിന്നാലെ ഉദയ്പുർ കൊട്ടാരത്തിൽ സംഘർഷം. തിങ്കളാഴ്ച രാത്രിയോടെയാണ് ഉദയ്പുർ രാജകുടുംബത്തിൽ ആഭ്യന്തര കലഹം രൂക്ഷമായത്. വിശ്വരാജ് സിങിന്റെ അമ്മാവനായ ശ്രീജി അരവിന്ദ് സിങ് മേവാറിന്റെ നിയന്ത്രണത്തിലാണ് ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരം. കിരീട ധാരണത്തിനുശേഷം കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ എത്തിയ വിശ്വരാജ് സിങിന് അനുമതി നിഷേധിച്ചതോടെ ആഭ്യന്തരകലഹം തെരുവുയുദ്ധത്തിലേക്കു നീങ്ങി.

രാത്രി 10 മണിയോടെ വിശ്വരാജ് സിങ് എംഎൽഎയുടെ നേതൃത്വത്തിൽ എത്തിയ അനുയായികൾ കൊട്ടാരത്തിനുനേർക്കു കല്ലെറിയുകയും കവാടങ്ങൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണു രാജകുടുംബത്തിലെ കലഹം സംഘർഷത്തിൽ കലാശിച്ചത്. എതിർ വിഭാഗത്തിൽപ്പെട്ടവർ കൊട്ടാരത്തിനുള്ളിൽനിന്നു മറുവിഭാഗത്തെയും ആക്രമിച്ചു. കല്ലേറിൽ മൂന്നു പേർക്കു പരുക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി.

വിശ്വരാജ് സിങിന്റെ പിതാവ് മഹേന്ദ്ര സിങ് മരിച്ചതിനു പിന്നാലെയാണു പുതിയ അവകാശിയെ പ്രഖ്യാപിച്ചത്. ചരിത്രപ്രസിദ്ധമായ ചിത്തോർഗഡ് കോട്ടയിൽ നടന്ന പരമ്പരാഗത കിരീടധാരണ ചടങ്ങിൽ, വിശ്വരാജിന്റെ ഭാര്യയും രാജ്സമന്ദിൽനിന്നുള്ള ബിജെപി എംപിയുമായ മഹിമ കുമാരിയാണു വിശ്വരാജിനെ രാജവംശത്തിന്റെ അടുത്ത അവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കിരീടധാരണത്തിനുശേഷം, ഉദയ്പുരിലെ മേവാർ കൊട്ടാരത്തിനുള്ളിലെ ധൂനി മാതാ ക്ഷേത്രത്തിലും നഗരത്തിനു പുറത്തുള്ള എക്ലിങ് ശിവക്ഷേത്രത്തിലും ദർശനം നടത്താൻ വിശ്വരാജ് സിങ് തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടു ക്ഷേത്രങ്ങളും ട്രസ്റ്റിന്റെ കീഴിലുള്ളതിനാൽ അദ്ദേഹത്തിന് ഉദയ്പുർ കൊട്ടാരത്തിലേക്കു പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികൾ ബാരിക്കേഡുകളും കൊട്ടാരത്തിന്റെ ഗേറ്റും തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചത്.

Udaipur India, Image Credit : Ralf Menache/ istockphoto

അതേസമയം, ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കടക്കുന്നതും ട്രസ്റ്റ് സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും ആരെയും ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിപ്പിക്കില്ലെന്നും മഹാറാണ മേവാർ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് രാവിലെ ഉദയ്പുരിലുള്ള പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984ലാണ് മേവാറിലെ മുൻ മഹാറാണാ ഭഗവത് സിങ്, തന്റെ ഇളയ മകൻ അരവിന്ദ് സിങ്ങിനെ ട്രസ്റ്റുകളുടെ ഡയറക്ടറാക്കിയത്. മൂത്തമകൻ മഹേന്ദ്ര സിങ്ങിനെ രാജകീയ അവകാശങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെയാണ് ഇരുവിഭാഗങ്ങളായി തിരിഞ്ഞു രാജകുടുംബത്തിൽ തർക്കം ഉടലെടുത്തത്.

English Summary:
Udaipur Palace Clashes : Tensions boiled over in Udaipur as the coronation of Vishvaraj Singh as the 77th Maharana of Mewar sparked violent clashes at the historic palace

4f5s9oe65rcq8pa8pb69bvci80 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-rajasthan


Source link
Exit mobile version