ശബരിമല പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; വിവാദത്തിന് പിന്നാലെ എഡിജിപി റിപ്പോർട്ട് തേടി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. സംഭവത്തിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടി. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പൊലീസുകാരുടെ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. അയ്യപ്പ വിശ്വാസികൾ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി. മേൽശാന്തി ഉൾപ്പെടെയുള്ളവർ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത് . പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താൻ അയ്യപ്പ വിശ്വാസികളായ ആർക്കും കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം വ്യക്തമാക്കി.

പൊലീസ് ഉദ്യോസ്ഥർക്ക് ഇതിന് ഒത്താശ നൽകിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ വ്യക്തമാക്കി.


Source link
Exit mobile version