വാഷിംഗ്ടൺ: റഷ്യയിലേക്ക് അനധികൃതമായി സൈനിക വസ്തുക്കൾ കയറ്റുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരൻ അമേരിക്കയിൽ പിടിയിലായി. 57കാരനായ സഞ്ജയ് കൗശിക്കിനെയാണ് അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയത്തെ തുടർന്ന് ഒക്ടോബർ 17ന് മിയാമിയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കൗശിക്കിനെതിരെ അമേരിക്കയിലെ നീതിന്യായവകുപ്പ് കുറ്റം ചുമത്തിയത്.
ഇരട്ട സിവിലിയൻ,സൈനിക ആപ്ലിക്കേഷനുകൾ എന്നിവയുപയോഗിച്ച് റഷ്യയിലേക്ക് അമേരിക്കയിൽ നിന്ന് കൂടുതൽ വ്യോമയാനഘടകങ്ങൾ കയറ്റുമതി ചെയ്യാൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെയുളള കുറ്റം. ഒറിഗോണിൽ നിന്ന് ഇന്ത്യ വഴി റഷ്യയിലേക്ക് നാവിഗേഷൻ ആൻഡ് ഫ്ളൈറ്റ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് നിയമവിരുദ്ധമായി സാധനങ്ങൾ കയറ്റുമതി ചെയ്യാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെയുളള കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ കുറ്റത്തിനും പരമാവധി 20 വർഷം തടവും ഒരു മില്യൺ ഡോളർ വരെ പിഴയും ചുമത്തും. 2023 മാർച്ച് മുതൽ റഷ്യയിലെ സ്ഥാപനങ്ങൾക്കായി അമേരിക്കയിൽ നിന്ന് നിയമവിരുദ്ധമായി ബഹിരാകാശ വസ്തുക്കളും സാങ്കേതികവിദ്യയും നേടിയെടുക്കാൻ കൗശിക് ഗൂഢാലോചന നടത്തിയതയാണ് വിവരം.
അടുത്തിടെ റഷ്യയ്ക്ക് സൈനിക സഹായം നൽകിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ 275 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിൽ 15 ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്‌സർലൻഡ്.തായ്‌ലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
രണ്ട് വർഷത്തിലേറെയായി റഷ്യ അയൽരാജ്യമായ യുക്രെയ്നുമായി യുദ്ധത്തിലാണ്. അതിനാൽ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നൽകിയതിനാണ് ഈ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക ഉപരോധമേർപ്പെടുത്തിയത്.
Source link