KERALAMLATEST NEWS

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും; ഐസിസിയുടെ വാറന്റിന് പിന്നാലെ പ്രഖ്യാപനവുമായി കാനഡ

ഒട്ടാവ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും രാജ്യത്തെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കാനഡ. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്ന് കാനഡ അറിയിച്ചു. അന്താരാഷ്ട്ര കോടതിയുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം യുകെയിൽ എത്തിയാൽ ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു.

അതേസമയം, തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര കോടതിയുടേത്‌ ജൂതവിരുദ്ധ തീരുമാനമാണെന്നും ആധുനിക ഡ്രൈഫസ് വിചാരണയാണ് ഇതെന്നും നെതന്യാഹു പറഞ്ഞു. എക്സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.

തന്നെയും പ്രതിരോധ മന്ത്രിയെയും അന്യായമായി കുറ്റക്കാരാക്കി. പല തവണ ഗാസയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹമാസ് അവരെ മനുഷ്യ കവചങ്ങളാക്കി കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും നെതന്യാഹു പറഞ്ഞു. തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

മനുഷ്യരാശിയെ സംരക്ഷിക്കാൻ ഹേഗിൽ സ്ഥാപിച്ച രാജ്യാന്തര ക്രിമിനൽ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു. ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും നെതന്യാഹു പറഞ്ഞു.


Source link

Related Articles

Back to top button