ബംഗളൂരു: കേരളത്തിൽ നിന്ന് സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച പ്രതികൾ പിടിയിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരാണ് പിടിയിലായത്. കർണാടക പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ ബെലഗാവിയിൽ ഈ മാസം 15നാണ് കവർച്ച നടന്നത്. കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനത്തിലാണ് ഇവർ കവർച്ച ചെയ്തത്.
കേരളത്തിൽ നിന്നുള്ള സ്വർണം മഹാരാഷ്ട്രയിൽ എത്തിച്ച് പണവുമായി മടങ്ങിയത് മൂന്നംഗ സംഘമാണ്. ഇവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ വാഹനം തട്ടിയെടുത്തത്. പിടികൂടിയ പ്രതികളിൽ നിന്ന് കർണാടക പൊലീസ് 16 ലക്ഷം രൂപ കണ്ടെത്തി. ഉപേക്ഷിച്ച കാറിന്റെ രഹസ്യ അറയിൽ നിന്ന് ഒരു കോടി രൂപയും കണ്ടെത്തി.
അതേസമയം, പെരിന്തൽമണ്ണ സ്വർണക്കവർച്ചയിൽ എട്ടു പ്രതികൾകൂടി കസ്റ്റഡിയിൽ. കവർന്ന മൂന്നരക്കിലോ സ്വർണ്ണത്തിൽ പകുതിയോളം കണ്ടെടുത്തതായാണ് സൂചന. റിമാൻഡിലായ പ്രതികളിൽ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. കണ്ണൂർ സ്വദേശികളായ നിജിൽ രാജ്, പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷനുസമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ജുവലറി അടച്ച് സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന സഹോദരങ്ങളെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചിട്ട് കൈയിലുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കവരുകയായിരുന്നു.
Source link