മുപ്പത്തിയഞ്ച് കിലോ കഞ്ചാവ് കൊണ്ടുവന്നത് ട്രെയിനിൽ, ആലുവയിലിറങ്ങിയതും പിടിവീണു
കൊച്ചി: മുപ്പത്തിയഞ്ച് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഒഡീഷ റായഗന്ധ സ്വദേശികളായ സത്യനായക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് ടീമും പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.
കഞ്ചാവ് നിറച്ച പെട്ടികളുമായി ട്രെയിൻ വഴിയാണ് ഇവർ ആലുവയിലെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നംഘ സംഘ റെയിൽവേ സ്‌റ്റേഷനിലിറങ്ങിയത്. സംശയം തോന്നിയ ഡാൻസാഫ് സംഘം ഇവരെ പരിശോധിക്കുകയായിരുന്നു. മുപ്പത്തിയഞ്ച് കിലോ കഞ്ചാവ് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്‌തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നംഗ സംഘത്തെ പരിശോധിച്ചത്. ഇവർ ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്ന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, എം ഡി എം എ കൊച്ചിയിലേക്ക് എത്തിക്കുന്ന സംഘവുമായി ബന്ധമുള്ള യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. മലപ്പുറം വെളിയങ്കോട് ചാടിറക്കത്ത് വീട്ടിൽ മുഹ്‌സിനെയാണ് (31) 69.99 ഗ്രാം എം ഡി എം എയുമായി പൊലീസ് പിടികൂടിയത്.
എറണാകുളം നോർത്ത് ഭാഗത്തെ ഹോസ്റ്റലിൽ നിന്ന് 12.12ഗ്രാമും പ്രതി വാടകയ്ക്ക് താമസിക്കുന്ന മെയ് ഫസ്റ്റ് റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് 57.87 ഗ്രാമുമായാണ് എം ഡി എം എ കണ്ടെത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ എ സി പി കെ എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Source link