ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം, ഡി.സി ബുക്‌സ് പബ്ലിക്കേഷൻ മാനേജർക്ക് സസ്‌പെൻഷൻ, രേഖാമൂലം കരാറില്ലെന്ന് രവി ഡി.സി
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ അച്ചടിക്കുന്നതിന് ഡി.സി ബുക്‌സുമായി രേഖാമൂലം കരാറില്ലെന്ന് രവി ഡി.സി പൊലീസിന് മൊഴി നൽകിയതിനുപിന്നാലെ പബ്ലിക്കേഷൻ മാനേജരെ സസ്‌പെൻഡ് ചെയ്തു. എ.വി. ശ്രീകുമാറിനെയാണ് സി.ഇ.ഒ ആയ രവി ഡി.സി സസ്പെൻഡ് ചെയ്തത്. കരാർ വാങ്ങുന്നതിൽ വീഴ്ച വരുത്തി ഡി.സി ബുക്‌സിന്റെ സൽപ്പേരിന് കളങ്കം ചാർത്തിയെന്നതാണ് കുറ്റം.
ആത്മകഥയുടെ 117 പേജിന്റെ പി.ഡി.എഫ് ഫയൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നിലും ഡി.സി ജീവനക്കാരുടെ പങ്ക് കണ്ടെത്തിയതായാണ് സൂചന. മൊഴിയെടുപ്പിനുശേഷം മാദ്ധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് ഡി.സി ബുക്‌സ് ഫേസ് ബുക്ക് പേജിൽ കുറിച്ചു. നടപടിക്രമങ്ങൾ പാലിച്ചേ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണവേളയിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും പോസ്റ്റിൽ പറയുന്നു.
മൊഴിയെടുക്കൽ
കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള രവി ഡി.സിയുടെ മൊഴിയെടുക്കൽ രണ്ടുമണിക്കൂർ നീണ്ടു. വിദേശത്തായിരുന്ന രവി ഡി.സി തിരിച്ചെത്തിയിട്ടും മൊഴി നൽകാൻ വൈകിയതോടെ അന്വേഷണ ഉദ്യോഗസ്ഥർ അന്ത്യശാസനം നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം ഡി വൈ.എസ്.പി ഓഫീസിലെത്തിയത്. മൊഴിയെക്കുറിച്ചോ, പുസ്തക വിവാദത്തെക്കുറിച്ചോ കൂടുതൽ പ്രതികരിക്കാൻ രവി ഡി.സി തയ്യാറായില്ല.
തന്റെ ആത്മകഥ പൂർത്തിയായിട്ടില്ലെന്നും, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പു ദിവസം വിവാദമുണ്ടാക്കിയതിൽ ഗൂഢാലോചനയാണെന്ന് കാട്ടി അദ്ദേഹം ഡി.ജി.പിക്കു പരാതി നൽകിയിരുന്നു. ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിനെയാണ് പ്രാഥമികാന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഡി.സി ബുക്‌സ് ജീവനക്കാരുടെയും ജയരാജന്റെയും മൊഴി എടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറുമെന്ന് എസ്.പി അറിയിച്ചു. കേസെടുത്ത് തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ ഡി.ജി.പിയുടേതാകും തീരുമാനം.
Source link