‘നിയന്ത്രണം നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം’: വായുമലിനീകരണക്കേസിൽ സുപ്രീം കോടതി – Supreme Court action on air pollution in Delhi | India News, Malayalam News | Manorama Online | Manorama News
‘നിയന്ത്രണം നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം’: വായുമലിനീകരണക്കേസിൽ സുപ്രീം കോടതി
മനോരമ ലേഖകൻ
Published: November 26 , 2024 02:36 AM IST
1 minute Read
ന്യൂഡൽഹി ∙ ഡൽഹിയിൽ വായുമലിനീകരണം കുറയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വായുമലിനീകരണത്തിൽ തൃപ്തികരമായ കുറവുണ്ടായാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇനി ഇളവ് അനുവദിക്കൂ എന്നും വ്യക്തമാക്കി. ഗ്രേഡ് റെസ്പോൺസ് ആക്‌ഷൻ 4 (ഗ്രാപ്പ് 4) നിയന്ത്രണങ്ങളിൽ ഇളവു വരുത്തണോ എന്ന വിഷയമാണു കോടതി പരിഗണിച്ചത്.
വായുനിലവാരത്തിൽ (എക്യുഐ) ആശ്വാസകരമായ മാറ്റമുണ്ടായാൽ മാത്രമേ നിയന്ത്രണങ്ങൾ ഗ്രാപ്പ് 3, ഗ്രാപ്പ് 2 ഘട്ടങ്ങളിലേക്കു ചുരുക്കാൻ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) അനുമതി നൽകൂ എന്നും ജഡ്ജിമാരായ അഭയ്.എസ്. ഓക, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു.
ഗ്രാപ്പ് 4 നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നു സിഎക്യുഎമ്മിനോടാണു കോടതി നിർദേശിച്ചത്. വലിയ തോതിൽ മലിനീകരണമുണ്ടാക്കുന്ന ട്രക്കുകളും വാണിജ്യ വാഹനങ്ങളും ഡൽഹിയിലേക്കു കടക്കാതിരിക്കാൻ നഗരാതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ പൊലീസുകാരെ നിയോഗിച്ചില്ല. വേണ്ടിവന്നാൽ ഇക്കാര്യത്തിൽ ഡൽഹി പൊലീസ് കമ്മിഷണറെ വിചാരണ ചെയ്യാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.
കെട്ടിട നിർമാണ സൈറ്റുകളിലെ വിലക്കു മൂലം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരുകൾ പിരിച്ച ലേബർ സെസ് ഫണ്ട് ഉടൻ നൽകണമെന്നും നിർദേശിച്ചു. നിയന്ത്രണങ്ങളും നിരോധനങ്ങളും മൂലം സാധാരണക്കാരായ തൊഴിലാളികളും ദിവസ വേതനക്കാരും കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകണമെന്നും സിഎക്യുഎമ്മിനോട് കോടതി പറഞ്ഞു.
English Summary:
Supreme Court action on air pollution in Delhi
mo-news-common-malayalamnews mo-news-common-newdelhinews 24o2j4ujchgfi7l5d67rktsb83 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-environment-delhi-air-pollution
Source link