KERALAM

ഭാഷയ്ക്കും സാഹിത്യത്തിനും ഒരു സഹകരണ മ്യൂസിയം

വി.എൻ വാസവൻ (തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്ര | Tuesday 26 November, 2024 | 2:20 AM

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാപ്രസ് പുരയിടത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം സഹകരണവകുപ്പ് ഒരുക്കി. അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഭാഷയുടെ ഉല്പത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ് ആദ്യഘട്ടത്തിൽ.

ഭാഷയും സഹകരണവും
ജോസഫ് പൗൾഷേക്ക് എന്ന ഭാഷാഗവേഷകൻ ഭാഷയെ പൊതുനന്മയുടെയും സഹജീവിസ്‌നേഹത്തിന്റെയും ഉപാധിയായിട്ടാണ് പരിഗണിക്കുന്നത്. ഭാഷയുടെ നാല് സഹജീവി സ്‌നേഹധർമ്മങ്ങളെക്കുറിച്ച് പൗൾഷേക്ക് പറയുന്നുണ്ട്. മൂല്യനിർണ്ണയം, നിർദ്ദേശം, പൊതുപ്രതിനിധാനം, സഹകരണധർമ്മം എന്നിവയാണവ. സഹകരണധർമ്മം ഇവയിൽ ഏറെ പ്രധാനം. വ്യക്തികൾ സംഘടിച്ചതും സഹകരിച്ചതുമാണ് ഭാഷയുടെ ഉത്പത്തിയിലേക്ക് നയിച്ചതെന്ന വാദമാണ് ഇതിൽ. 80 വർഷം മുൻപ് കേരളത്തിൽ എഴുത്തുകാർ ചേർന്ന് സഹകരണാടിസ്ഥാനത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം രൂപീകരിച്ചതും ഭാഷയ്ക്കും സാംസ്‌കാരത്തിനും വേണ്ടി നിലകൊണ്ടതും അതിനാലാണ്.

ഇന്ത്യയിലെ ആദ്യഭാഷാ മ്യൂസിയം
മനുഷ്യർക്ക് എന്നുമുതലാണ് ഭാഷ സംസാരിക്കാനുള്ള ഭാഷണശേഷി കൈവന്നത്? എപ്പോഴാണ് ഭാഷ ഉത്ഭവിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള വിശദീകരണത്തിലൂടെയാണ് അക്ഷരം മ്യൂസിയത്തിന്റെ ആദ്യഭാഗം. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും പരിണമിക്കുന്ന ആശയ പ്രകാശനത്തിന്റെ വ്യത്യസ്തതലങ്ങളെയാണ് അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഗ്യാലറിയിൽ പരിചയപ്പെടുത്തുന്നത്.

രണ്ടാംഗ്യാലറി ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. മലയാളത്തിൽ ഇന്ന് നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ എങ്ങനെ പരിണമിച്ചുണ്ടായി എന്ന് വിശദീകരിക്കുന്ന വീഡിയോകൾ ഇവിടെയുണ്ട്. മൂന്നാംഗ്യാലറി ആധുനികതയുടെ കടന്നുവരവിന് ശേഷമുള്ള അച്ചടിയെക്കുറിച്ചാണ്. അച്ചടി സാങ്കേതികവിദ്യയക്കുറിച്ചും, ആദ്യകാലത്ത് അച്ചടിക്കപ്പെട്ട പ്രധാന മലയാളപുസ്തകങ്ങളെക്കുറിച്ചും, കേരളത്തിലെ പ്രധാന അച്ചടി ശാലകളെക്കുറിച്ചും വിശദമാക്കുന്നു. കേരളത്തിലെ സാക്ഷരതാ ചരിത്രം വിശദമാക്കുന്ന ആനിമേഷൻ വീഡിയോയും ആദ്യകാല സാക്ഷരതാപാഠപുസ്തകങ്ങളും, വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ 36 ഗോത്രഭാഷകളെക്കുറിച്ചും, ദ്രാവിഡഭാഷകളെക്കുറിച്ചും വരമൊഴി മലയാളങ്ങൾ, മലയാളം അന്യഭാഷലിപികളിൽ, പ്രാദേശികഭാഷാഭേദങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉൾപ്പെടുന്നു.


നാലാംഗ്യാലറിയിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുമുള്ള വിവരണങ്ങളാണ്. ഇരുനൂറിലധികം സാഹിത്യകാരന്മാരുടെ കൈയെഴുത്തുപ്രതികൾ, തൊണ്ണൂറിലധികം സാഹിത്യകാരന്മാരുടെ ശബ്ദങ്ങൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നു. ലോകത്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും സഹകരണപ്രസ്ഥാനത്തെക്കുറിച്ചും, സഹകാരികളെക്കുറിച്ചും, സഹകരണനിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരണങ്ങളുമുണ്ട്. അക്ഷരം മ്യൂസിയത്തിലെ ഏറെ കൗതുകമേറിയ മറ്റൊരു ഭാഗം ലോകഭാഷകളുടെ പ്രദർശനമാണ്. ലോകത്തിലെ ആറായിരത്തോളം ഭാഷകൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.


Source link

Related Articles

Back to top button