‘ഇനി പാലക്കാട്ടുകാരിയായി ജീവിക്കും, മകന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയത് പ്രസ്ഥാനം’; കണ്ണീരണിഞ്ഞ് രാഹുലിന്റെ അമ്മ

പാലക്കാട്: റെക്കോർഡ് ഭൂരിപക്ഷത്തിലാണ് പാലക്കാട് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. മണ്ഡലത്തിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ രാഹുലിന്റെ വിജയം ആഘോഷിക്കുന്നത്. അതേ സന്തോഷത്തിലാണ് രാഹുലിന്റെ കുടുംബവും. അടൂരിൽ നിന്നെത്തിയ തന്റെ മകൻ പാലക്കാടിന്റെ എംഎൽഎ ആകാൻ പോകുന്നതിൽ സന്തോഷമുണ്ടെന്നാണ് രാഹുലിന്റെ അമ്മ ബീന പറയുന്നത്. കുടുംബത്തിന്റെ സന്തോഷം മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു രാഹുലിന്റെ അമ്മ.
‘മകന്റെ ലക്ഷ്യങ്ങളെല്ലാം നേടികൊടുത്തത് അവന്റെ പ്രസ്ഥാനമാണ്. വിജയത്തിൽ വളരെയധികം സന്തോഷിക്കുന്നു. കഷ്ടപ്പെട്ടതിന്റെ പ്രതിഫലം കിട്ടിയതിൽ സന്തോഷമുണ്ട്. പാലക്കാട്ടെ ജനങ്ങൾ മകനെ ഹൃദയത്തിലേറ്റി. അവരോടാണ് നന്ദി പറയുന്നത്. പാലക്കാട്ടേയ്ക്ക് താമസം മാറുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ഇനി പാലക്കാട്ടുകാരിയായി ജീവിക്കും. മകന് പൂർണമായ പിന്തുണ നൽകിയിരുന്നു. കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു. ചെറുപ്പത്തിൽ മകൻ പാർട്ടിയിൽ പ്രവർത്തിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് അവന്റെ താൽപര്യം രാഷ്ട്രീയമാണെന്ന് മനസിലാക്കിയതോടെ പിന്തുണയായി നിന്നു’-രാഹുലിന്റെ അമ്മ പറഞ്ഞു.
18,715 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ പാലക്കാട് വിജയിച്ചത്. ഷാഫി പറമ്പിലിന് നേടിയതിനെക്കാൾ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ വിജയം. ഫലപ്രഖ്യാപനത്തിന് തൊട്ടുമുൻപും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. പിരായിരി പഞ്ചായത്തിലെ വോട്ടുകളാണ് ഒടുവിൽ രാഹുലിന് തുണയായത്. പിരിയാരിയിൽ 6775 വോട്ടുകളാണ് നേടിയത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്.
Source link