KERALAMLATEST NEWS

ചേട്ടന്റെ റെക്കോഡിന് തൊട്ട് പിന്നില്‍, പോളിംഗ് ശതമാനം കുറഞ്ഞിട്ടും വയനാട്ടില്‍ പ്രിയങ്ക തരംഗം

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ തന്റെ കന്നിയങ്കത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പ്രിയങ്ക ഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക്. ഭൂരിപക്ഷം എത്രയെന്ന ചോദ്യം മാത്രമായിരുന്നു വയനാട്ടിലുണ്ടായിരുന്നത്. അതിനുള്ള ഉത്തരം 4.10 ലക്ഷം എന്നാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്നത്. മണ്ഡലത്തിലേയും കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പുകളുടേയും ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് വയനാട്ടുകാര്‍ നല്‍കിയത്.

രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും പ്രിയങ്ക പിന്നില്‍ പോയില്ല. പടിപടിയായി തന്റെ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടായിരുന്നു അവര്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി മാറിയത്. ആകെ പോള്‍ ചെയ്തതില്‍ 64.99 ശതമാനം വോട്ടുകളും പെട്ടിയിലാക്കിയ പ്രിയങ്ക നേടിയത് 6,22,338 വോട്ടുകളും 4,10,931 വോട്ടുകളുടെ ഭൂരിപക്ഷവും. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് ലഭിച്ചതാകട്ടെ വെറും 2,11,407 വോട്ടുകള്‍ മാത്രം. പ്രിയങ്കയുടെ ഭൂരിപക്ഷത്തേക്കാള്‍ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ കുറവ്.

2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസിനോട് കടുത്ത മത്സരത്തിനൊടുവില്‍ വെറും 20,870 വോട്ടുകള്‍ക്ക് മാത്രമാണ് മൊകേരി തോറ്റത്. 3,56,165 വോട്ടുകളാണ് അന്ന് 2014ല്‍ അദ്ദേഹത്തിന് ലഭിച്ചത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ നവ്യ ഹരിദാസിന് കെട്ടിവെച്ച കാശ് നഷ്ടമായി. 1,09,939 വോട്ടുകളാണ് നവ്യക്ക് ലഭിച്ചത്. 2024ല്‍ കെ സുരേന്ദ്രന് 1,41,045 വോട്ടുകള്‍ ലഭിച്ചിരുന്നു.

മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം 2019ല്‍ രാഹുല്‍ ഗാന്ധി നേടിയ 4,31,770 ആണ്. 2024ല്‍ രാഹുല്‍ ഗാന്ധി നേടിയ 3,64,442 വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്ക ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വോട്ടിംഗ് ശതമാനം കുറഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ റെക്കോഡും പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കരുതുന്നത്.


Source link

Related Articles

Back to top button