പാട്ടും ആഘോഷവും; രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയ്ക്കിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞുവീണു
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ നടന്ന റോഡ് ഷോയ്‌ക്കിടെ കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പി കെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിലായിരുന്നു വിഷ്ണുനാഥ് ഉണ്ടായിരുന്നത്. റോഡ് ഷോ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി അവസാനിപ്പിക്കുന്നതിന് മുന്നോടിയായി രാഹുൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഴഞ്ഞുവീണ പിസി വിഷ്ണുനാഥിനെ പ്രവർത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ശരിയായി ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി. റോഡ് ഷോയ്‌ക്കിടെ ഇലുമിനാറ്റി പാട്ട് ഉൾപ്പടെ പിസി വിഷ്ണുനാഥ് പാടിയിരുന്നു, പാട്ടുപാടി പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
Source link