ബംഗ്ലാദേശ് സർക്കാരിനെതിരേ പ്രക്ഷോഭം നയിച്ച ആത്മീയ നേതാവ് അറസ്റ്റിൽ; അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി
ധാക്ക/ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരി എന്ന കൃഷ്ണദാസ് പ്രഭു അറസ്റ്റിലാണെന്ന് റിപ്പോര്‍ട്ട്. ധാക്ക വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസ് പ്രഭുവിനെ അധികൃതര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ഇസ്‌കോണ്‍ (ISKCON) അംഗം കൂടിയായ കൃഷ്ണദാസ് പ്രഭുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ചിറ്റഗോങ്, ബരിസാല്‍, ഖുല്‍ന എന്നിവിടങ്ങളിലാണ് കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫീസിന് മുന്നില്‍ ഇസ്‌കോണിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.
Source link