ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ തർക്കം; തടയാൻ ശ്രമിച്ച പ്രിൻസിപ്പലിന് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലെ കയ്യാങ്കളിയിൽ പ്രിൻസിപ്പലിന് മർദനം. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് ആരോപണം. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിൻസിപ്പൽ പ്രിയയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻസ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘർഷം ഉണ്ടായത്.
രണ്ടാം വർഷ വിദ്യാർത്ഥിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഒന്നാം വർഷ വിദ്യാർത്ഥി കമന്റിട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു. ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാർത്ഥികൾ അക്രമാസക്തമായത്.
തുടർന്ന് വിദ്യാർത്ഥികളെ ശാന്തമാക്കാൻ സ്കൂൾ പ്രിൻസിപ്പൽ പ്രിയ ഇവർക്കിടയിലേക്ക് ചെന്നു. സംഘർഷത്തിനിടെ പ്രിയ നിലത്ത് വീഴുകയും നെറ്റിയിൽ പരിക്കേൽക്കുകയുമായിരുന്നു. എന്നാൽ കസേരചുറ്റി അടിച്ചതിനിടക്ക് പ്രിൻസിപ്പലിന് മർദനമേറ്റതാണെന്നും വിവരമുണ്ട്. നിലവിൽ കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി അദ്ധ്യാപകർ ചർച്ച ചെയ്ത് വരികയാണ്.
Source link