KERALAMLATEST NEWS

ഒരുകോടി രൂപയും 300 പവനും കട്ടെടുത്തു, വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം. വളപട്ടണം സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. 300 പവൻ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് മോഷണം പോയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അഷ്‌റഫും കുടുംബവും യാത്ര പോയിരിക്കുകയായിരുന്നു.

അരി മൊത്തവ്യാപാരം നടത്തുന്നയാളാണ് കെ.പി അഷ്‌റഫ്. മന്ന കെഎസ്‌ഇബി ഓഫീസിന് സമീപമുള്ള വീട്ടിലെ കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് മോഷണം പോയത്. മൂന്നംഗ സംഘം വീട്ടിനുള്ളിൽ കടന്ന് മോഷണം നടത്തിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഡോഗ്‌സ്‌ക്വാഡടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് തെളിവുകൾ ശേഖരിക്കുകയാണ്.

19ന് വീട് ‌പൂട്ടി മധുരയിലുള്ള സുഹൃത്തിനെ കാണാൻ പോയതാണ് അഷ്‌റഫ്. തിരികെ കഴിഞ്ഞദിവസം എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി വ്യക്തമായത്. അതേസമയം ലോക്കറിന്റെ സ്ഥലംവരെ കൃത്യമായി മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്ന് അഷ്‌റഫിന്റെ ഭാര്യാസഹോദരൻ ജാബിർ പറഞ്ഞു. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ പൂട്ടി മറ്റൊരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അത് കൃത്യമായി പൂട്ടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മോഷണത്തിന് പിന്നിൽ അറിയുന്ന ആളുകളാണോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുറികളിൽ മോഷ്‌ടാക്കൾ കടന്നതായാണ് വിവരം. സ്വർണവും ആഭരണവും വച്ച അലമാര പൂട്ടി അതിന്റെ താക്കോൽ വേറൊരു അലമാരിയിലും ആ അലമാരയുടെ താക്കോൽ വേറെ മുറിയിലുമായിരുന്നു. ഇവിടങ്ങളിൽ മാത്രമാണ് മോഷ്‌ടാക്കൾ കയറിയത്.


Source link

Related Articles

Back to top button