സംഭൽ സംഘർഷം: 25 പേർ അറസ്റ്റിൽ; ജില്ലയിൽ കടുത്ത നിയന്ത്രണം, ജനപ്രതിനിധികൾക്കുൾപ്പെടെ വിലക്ക്

സംഭാൽ സംഘർഷം; 25 പേർ അറസ്റ്റിൽ, ജില്ലയിൽ കടുത്ത നിയന്ത്രണം, ജനപ്രതിനിധികൾക്കുൾപ്പെടെ പ്രവേശന വിലക്ക് – Sambhal | Shahi Juma Masjid | Latest News | Manorama Online
സംഭൽ സംഘർഷം: 25 പേർ അറസ്റ്റിൽ; ജില്ലയിൽ കടുത്ത നിയന്ത്രണം, ജനപ്രതിനിധികൾക്കുൾപ്പെടെ വിലക്ക്
മനോരമ ലേഖകൻ
Published: November 25 , 2024 02:57 PM IST
1 minute Read
സംഭാലിൽ സംഘർഷത്തെത്തുടർന്ന് ഷാഹി ജുമാ മസ്ജിനു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം: AFP
ലക്നൗ∙ യുപി സംഭലിലെ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിൽ. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തിയിരുന്നു. സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഉൾപ്പെടെ പുറത്തുനിന്നുള്ളവർക്ക് പ്രത്യേകാനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തി.
കസ്റ്റഡിയിലെടുത്തവരുടെ പക്കൽ നിന്നും വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനായി ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണ്. നഖ്സ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രണ്ടു സ്ത്രീകളുടെ വീടിനോടു ചേർന്നാണ് അക്രമങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് സ്കൂളുകൾ അടച്ചു. കടകൾ പ്രവർത്തിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
പൊലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ നടന്ന സർവേയ്ക്കിടെയാണ് സംഭവം. രാവിലെ ആറു മണിയോടെയാണ് സർവേ സംഘം മസ്ജിദിൽ എത്തിയത്. സർവേ ആരംഭിച്ച് രണ്ടു മണിക്കൂറിനു ശേഷം, സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ പൊലീസിനു നേർക്ക് കല്ലെറിയുകയായിരുന്നു. പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. സംഘർഷത്തിൽ പൊലീസുകാർക്കടക്കം നിരവധി പേർക്കാണ് പരുക്കേറ്റത്. അഞ്ചുപേർ കൊല്ലപ്പെട്ടു.
ചന്ദൗസിയിലെ സിവിൽ സീനിയർ ഡിവിഷൻ കോടതിയിൽ നവംബർ 19ന് കേള ദേവി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ നൽകിയ ഹർജിയെ തുടർന്നാണ് സർവേ നടപടിയിലേക്ക് കടന്നത്. സംബാലിലെ ഷാഹി ജുമാ മസ്ജിദ് യഥാർഥത്തിൽ ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നും 1529ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ഭരണകാലത്ത് ഇത് മുസ്‌ലിം പള്ളിയായി മാറ്റിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
English Summary:
Clash in Sambhal: 25 arrested, strict restrictions imposed, entry ban for public representatives
5us8tqa2nb7vtrak5adp6dt14p-list mo-news-common-uttar-pradesh-police 40oksopiu7f7i7uq42v99dodk2-list 4krufg2bl92kvo290tj0ae391s mo-news-world-countries-india-indianews mo-news-national-states-uttarpradesh mo-politics-parties-sp
Source link