തുടക്കത്തിലേ ക്വാജയെ വീഴ്‌ത്തി സിറാജ്, പെർത്തിൽ തിരിച്ചുവരവിന് ശ്രമവുമായി ഓസീസ്

പെർത്ത്: ബോർഡർ-ഗവാസ്‌കർ ട്രോഫി ഒന്നാം ടെസ്‌റ്റിലെ നാലാം ദിവസം ഓസ്‌ട്രേലിയ്‌ക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്‌ടം. മൂന്നാം ദിവസം 12 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്ക് ഇന്ന് അഞ്ച് റൺസ് കൂട്ടിച്ചേർത്തപ്പോഴേ ഓപ്പണർ ഉസ്‌മാൻ ക്വാജയെ നഷ്‌ടമായി. നാല് റൺസ് മാത്രമെടുത്ത ക്വാജയെ സിറാജിന്റെ പന്തിൽ ഋഷഭ് പന്ത് പിടിച്ച് പുറത്താക്കുകയായിരുന്നു.

എന്നാൽ അതിന് ശേഷം എത്തിയ ട്രാവിസ് ഹെഡുമൊത്ത് സ്റ്റീവ് സ്‌മിത്ത് ഓസ്‌ട്രേലിയയെ മെല്ലെ കരകയറ്റുന്ന കാഴ്‌ചയാണ് കാണുന്നത്. നിലവിൽ ഓസ്‌ട്രേലിയ 50 റൺസ് പിന്നിട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കായി ക്യാപ്റ്റൻ ബുംറയും സിറാജും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി. 534 റൺസാണ് ഓസ്‌ട്രേലിയയ്‌ക്ക് വിജയിക്കാനായി വേണ്ടത്.

യുവ സെൻസേഷൻ യശ്വസി ജയ്സ്വാളും കിംഗ് വിരാട് കൊഹ്ലിയും സെഞ്ച്വറിയുമായി നിറഞ്ഞാടിയ പെർത്ത് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 534 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയയെ കളി മൂന്നാംദിനം അവസാനിപ്പിക്കുമ്പോൾ 12/3 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലാക്കി ജസ്പ്രീത് ബുംറയും സിറാജും. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഇന്ന് തന്നെ ജയമുറപ്പിക്കാം.

172/0 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ യശ്വസി ജയ്സ്വാളിന്റെയും (161), വിരാട് കൊഹ്ലിയുടേയും (പുറത്താകാതെ 100) സെഞ്ച്വറിയുടേയും പിൻബലത്തിൽ 134.3 ഓവറിൽ 487/6എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിംഗ്സിന് ക്ഷണിക്കുകയായിരുന്നു. കൊഹ്ലി സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ക്യാപ്ടൻ ബുംറ ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.


Source link
Exit mobile version