പാലക്കാട്: പാർട്ടിയുടെ എ പ്ളസ് മണ്ഡലമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്നാൽ കെ.സുരേന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം പറയുന്നത്. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയപ്പെടുകയും പാർട്ടി ഭരിക്കുന്ന കോർപറേഷനിലേതടക്കം 10000ലധികം വോട്ട് ഇത്തവണ കുറയുകയും ചെയ്‌ത പശ്ചാത്തലത്തിൽ സുരേന്ദ്രനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
എന്നാൽ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ആണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചതായാണ് സൂചന. ശോഭാ സുരേന്ദ്രന്റെ ഡ്രൈവർ കണ്ണാടി പഞ്ചായത്ത് കേന്ദ്രീകരിച്ച് വോട്ട് മറിച്ചെന്നും സുരേന്ദ്രന്റെ പക്ഷം ആരോപിക്കുന്നുണ്ട്.
പാലക്കാട് നഗരസഭയിൽ കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്നും 100 ആയി കുറയ്‌ക്കണം എന്ന ആവശ്യം നഗരസഭാ അദ്ധ്യക്ഷ തള്ളി. ഇത് പാർട്ടിക്ക് തിരിച്ചടിയായി. സ്‌മിതേഷ് മീനാക്ഷി, ദിവ്യ, സാബു എന്നീ കൗൺസിലർമാർ പാർട്ടി സ്ഥാനാർത്ഥിക്ക് എതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് വിവരം നൽകിയിട്ടുണ്ട്. സഹപ്രഭാരിയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഇന്ന് ഉച്ചയ്‌ക്ക് 12ന് സുരേന്ദ്രൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Source link