KERALAM

അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റ സംഭവം; അദ്ധ്യാപികയ്‌ക്കും ഹെൽപ്പർക്കും സസ്‌പെൻഷൻ

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അദ്ധ്യാപികയ്‌ക്കും ഹെൽപ്പർക്കും സസ്‌പെൻഷൻ. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അദ്ധ്യാപിക ശുഭലക്ഷ്‌മിയെയും ഹെൽപ്പർ ലതയെയും ആണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. മാറനല്ലൂർ സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്‌ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്. കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്‌ചയാണ് സംഭവമുണ്ടായത്. പതിവുപോലെ ഇരട്ടക്കുട്ടികളെ രതീഷ് അങ്കണവാടിയിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വൈഗയ്‌ക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ കുട്ടി നിർത്താതെ ഛർദിക്കാൻ തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്‌ക്ക് ജനലിൽ നിന്ന് വീണതായി സഹോദരൻ മാതാപിതാക്കളോട് പറഞ്ഞു.

തുടർന്ന് അമ്മ പരിശോധിച്ചപ്പോൾ വൈഗയുടെ തലയ്‌ക്ക് പുറകുവശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ കണ്ടല ആശുപത്രിയിലും തിരുവനന്തപുരം എസ്‌എടിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ സ്‌പൈനൽ കോഡിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. തലയിൽ ആന്തരിക രക്തസ്രാവമുണ്ട്.

മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് അദ്ധ്യാപികയോട് ചോദിച്ചിരുന്നു. കുഞ്ഞ് കസേരയിൽ നിന്ന് വീണിരുന്നുവെന്നും അക്കാര്യം രക്ഷിതാക്കളോട് പറയാൻ മറന്നെന്നുമായിരുന്നു അവരുടെ മറുപടി. അങ്കണവാടിയിൽ വച്ച് കുട്ടിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. മാറനല്ലൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ആകെ ആറ് കുട്ടികളാണുള്ളത്.


Source link

Related Articles

Back to top button