മാസങ്ങൾക്ക് മുമ്പ് റെയിൽവെ അംഗീകരിച്ചു, അന്തിമ ഉത്തരവ് പുറത്തുവന്നില്ല; ആ മാറ്റം കേരളത്തിലെ വന്ദേഭാരതിന് സംഭവിക്കുമോ?

വന്ദേഭാരത് എക്സ്പ്രസ്. ഫോട്ടോ: കേരള കൗമുദി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മംഗളൂരു, കാസർകോട് എന്നിവിടങ്ങളിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. യാത്രാ ക്ലേശം രൂക്ഷമാകുന്നതിനാൽ കാലതാമസം കൂടാതെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദേശം റെയിൽവേ നടപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന സർവീസിന് എട്ട് കോച്ചുകളും കോട്ടയം വഴി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുന്നതിന് 16 കോച്ചുകളാണുള്ളത്. ഇവയിൽ ഒരു സർവീസ് 20 കോച്ചുകളുള്ള സർവീസായി മാറ്റും. ഈ ആവശ്യം റെയിൽവെ രണ്ട് മാസം മുമ്പ് അംഗീകരിച്ചിരുന്നു. എന്നാൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

ഇന്ത്യയിൽ സർവീസ് നടത്തുന്ന വന്ദേഭാരതിൽ റെയിൽവെയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് കേരളത്തിൽ നിന്നുള്ള ട്രെയിനുകളാണ്. നിലവിലുള്ള സർവീസുകളിലെ കോച്ചുകളുടെ എണ്ണം ആവശ്യത്തിന് ആനുപാതികമല്ല. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെയുള്ള സർവീസ് തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് പ്രിയങ്കരമാണ്.

റെയിൽവേ എത്രയും വേഗം കോച്ചുകൾ വർദ്ധിപ്പിച്ചാൽ അത് ഗുണം ചെയ്യുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അംഗം ലയൺസ് ജോസഫ് പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.25ന് എറണാകുളത്തും 9.30ന് തൃശൂരിലും എത്തും. ജോലി ചെയ്യുന്ന യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. എത്രയും പെട്ടെന്ന് കോച്ചുകൾ വർദ്ധിപ്പിക്കുന്ന തീരുമാനമെടുത്താൽ അനുഗ്രഹമാകുമെന്ന് യാത്രക്കാർ പറയുന്നു.


Source link
Exit mobile version