2 വർഷത്തെ ഷൂട്ടിനുശേഷം ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്; ചെലവാക്കിയത് 80 കോടി
2 വർഷത്തെ ഷൂട്ടിനുശേഷം ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്; ചെലവാക്കിയത് 80 കോടി | Baahubali: Before the Beginning
2 വർഷത്തെ ഷൂട്ടിനുശേഷം ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്; ചെലവാക്കിയത് 80 കോടി
മനോരമ ലേഖകൻ
Published: November 25 , 2024 11:04 AM IST
2 minute Read
മൃണാൾ ഠാക്കൂർ, രമ്യ കൃഷ്ണൻ
പാതിവഴിയിൽ ഉപേക്ഷിച്ച ‘ബാഹുബലി’ വെബ് സീരീസിനു വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി രൂപയാണെന്ന് വെളിപ്പെടുത്തി നടൻ ബിജയ് ആനന്ദ്. 2018ൽ ആരംഭിച്ച സീരിസ് രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. ഈ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജയ് ആനന്ദ് ആണ്. ജീവിതത്തിലെ രണ്ട് വർഷം വെറുതെയായെന്നും ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമ വരെ തനിക്കു നഷ്ടപ്പെട്ടുവെന്നും സിദ്ധാർഥ് കണ്ണനനുമായുള്ള അഭിമുഖത്തിൽ ബിജയ് വെളിപ്പെടുത്തി.
‘‘ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോ ആണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. അതിനാല്‍ ഓഫർ വേണ്ടെന്നുവച്ചു. കൂടുതൽ സിനിമകള്‍ ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ കരൺ കുന്ദ്ര നിർബന്ധിച്ചപ്പോൾ തീരുമാനം മാറ്റി. ആ സീരീസ് തിരഞ്ഞെടുക്കുകയും ഹൈദരാബാദില്‍ രണ്ട് വര്‍ഷം ചിത്രീകരിക്കുകയും ചെയ്തു. പ്രിവ്യൂ ഷോ കണ്ടപ്പോള്‍ നെറ്റ്ഫ്ലിക്‌സ് അതുപേക്ഷിക്കാന്‍ തീരുമാനിച്ചു.
അതൊരിക്കലും റിലീസ് ചെയ്തില്ല. ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ പ്രൊഡക്‌ഷനായിരുന്നു അത്. വളരെ വലിയ ഷോ ആയിരുന്നു. നെറ്റ്ഫ്ലിക്സ് മനസ്സിൽ കണ്ടതുപോലെയല്ല ഷോയുടെ ഫൈനൽ ഔട്ട് വന്നത്. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം. അതിൽ ഞാനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് ഒരിക്കല്‍ കൂടി പറയുന്നു.
നെറ്റ്ഫ്ലിക്സിന് ചില റിസർവേഷനുകൾ ഉണ്ടായിരുന്നു. ഈ സമയത്താണ് ‘സാഹോ’യ്ക്ക് വേണ്ടി എന്നെ സമീപിച്ചത്. ലണ്ടനിലും തുർക്കിയിലും മറ്റൊരു രാജ്യത്തും അവർ എന്നെ ആഗ്രഹിച്ചു. പ്രഭാസിനൊപ്പമുള്ള രംഗങ്ങൾ എനിക്കുണ്ടാകുമായിരുന്നു. എന്നാൽ ഇതിൽ കരാർ ഒപ്പിട്ടിരുന്നതിനാൽ സാഹോ നഷ്ടമായി.’’–ബിജയ് ആനന്ദിന്റെ വാക്കുകൾ.
ബാഹുബലി സിനിമകളുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മിക്കുമെന്ന് സംവിധായകന്‍ രാജമൗലി 2018ൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് വർഷത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്‌ഷനും ശേഷമാണ് പരമ്പര വേണ്ടെന്നു വയ്ക്കാൻ നെറ്റ്ഫ്ലിക്സ് ടീം തീരുമാനിക്കുന്നത്. ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. പിന്നീട് അവരെ മാറ്റി വമീഖ ഗബ്ബിയെ പ്രധാനകഥാപാത്രമാക്കി. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.
എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ പ്രഖ്യാപിച്ചത്. ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പരയിൽ 2021 ല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കുനാല്‍ ദേശ്മുഖ്, റിബു ദസ്ഗുപ്ത എന്നീ സംവിധായകര്‍ക്ക് പകരക്കാരനായി ദേവ കട്ട എത്തി. പിന്നീട് രാഹുൽ ബോസും അതുൽ കുൽക്കർണിയും പരമ്പരയിൽ ചേർന്നു. ഹൈദരാബാദില്‍ ഒരുക്കിയ കൂറ്റൻ സെറ്റിലായിരുന്നു 100 കോടിയിലേറെ രൂപ ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം. പോസ്റ്റ് പ്രൊഡക്‌ഷൻ ചെലവുകൾ വേറെയും.
മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കിയായിരുന്നു നിർമാണം. ബാഹുബലിയുടെ ജനനത്തിനു മുൻപുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയായിരുന്നു ആദ്യഭാഗം.
മൂന്നു ബാഹുബലി സിനിമകൾ പുതുതായി ചിത്രീകരിച്ച് ഇന്റർനെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര. ആനന്ദ് നീലകണ്ഠൻ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയായിരുന്നു രണ്ടും മൂന്നും സീസണുകൾ. എട്ടു മണിക്കൂറുള്ള ഒറ്റ സിനിമപോലെ ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായി റിലീസ് ചെയ്യാനും തീരുമാനിച്ചു.
എന്നാൽ എഡിറ്റിങ് ഘട്ടത്തിൽ, പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ച് പുതിയ ടീമിനെ പരീക്ഷിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. പരമ്പരയുടെ സംവിധാന ചുമതല വീണ്ടും കുനാലിന് കൈമാറി. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും പദ്ധതി വീണ്ടും സ്തംഭിച്ചു. ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ നെറ്റ്ഫ്ലിക്സ് പരമ്പര തന്നെ ഉപേക്ഷിച്ചു. രണ്ട് ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്ഫ്ലിക്സിന് ഇതിലൂടെ നഷ്ടമായത്.
English Summary:
Actor Bijay Anand has revealed that Netflix spent ₹80 crore on the ‘Baahubali’ web series, which they abandoned midway
7rmhshc601rd4u1rlqhkve1umi-list 19a1tsc8unbl0itjub5br9qdlo mo-entertainment-movie-ss-rajamouli mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list mo-technology-netflix mo-entertainment-common-webseries
Source link