ചേലക്കരയിൽ പാളിയത് സ്ഥാനാർത്ഥി നിർണയം

തൃശൂർ:അനുകൂല സാഹചര്യമുണ്ടായിട്ടും ചേലക്കരയിൽ വിജയം കൈവിട്ടത് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൊണ്ടാണെന്ന് ആക്ഷേപം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല തരംഗമുണ്ടായപ്പോൾ എൽ.ഡി.എഫ് നേടിയ ഏക സീറ്റാണ് ആലത്തൂർ. അന്ന് തോറ്റ സിറ്റിംഗ് എം.പി രമ്യ ഹരിദാസിനെ അതേ മണ്ഡലത്തിൽ ഉൾപ്പെട്ട ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കിയത് രാഷ്ട്രീയ പാളിച്ചയാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ പറയുന്നു. രമ്യ മോശം സ്ഥാനാർത്ഥിയെന്ന് പ്രവർത്തകർ പറയുന്ന ശബ്ദസന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ചേലക്കരയിലേക്ക് രമ്യയെ വേണ്ടെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് കെട്ടുറപ്പോടെ പ്രചാരണ രംഗത്തിറങ്ങിയിട്ടും സർക്കാരിനെതിരെ ജനവികാരം ഉണ്ടായിട്ടും വിജയിക്കാനായില്ല. ആറു മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ രമ്യയ്ക്ക് ലഭിച്ചതിൽ 2500 ലേറെ വോട്ടുകൾ കുറയുകയാണ് ചെയ്തത്.
തിരുവില്വാമല പഞ്ചായത്ത് അംഗം കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരം വോട്ടണ് അധികം നേടിയത് .എൽ.ഡി.എഫും നേട്ടമുണ്ടാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ ഭൂരിപക്ഷം കുറയ്ക്കാനായെന്ന അവകാശ വാദമാണ് കോൺഗ്രസ്നേതൃത്വം ഉയർത്തുന്നത്.
ഡി.സി.സി പ്രസിഡന്റ്
ഇല്ലാത്തതും വിനയായി
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തൃശൂരിൽ തോറ്റത് വിവാദമായതോടെ ഡി.സി.സി പ്രസിഡന്റ് രാജിവച്ചിരുന്നു. പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനാണ് ഡി.സി.സിയുടെ താത്കാലിക അദ്ധ്യക്ഷൻ. ഉപതിരഞ്ഞെടുപ്പിൽ ശ്രീകണ്ഠൻ സ്വന്തം സ്ഥലമായ പാലക്കാടാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ഥിരം ഡി.സി.സി പ്രസിഡന്റിനെ നിയമിക്കുന്നതിൽ കെ.പി.സി.സി നേതൃത്വം
താല്പര്യം കാട്ടാതിരുന്നതും വീഴ്ചയായി.
ചേലക്കരയിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് സംസ്ഥാന നേതൃത്വമാണ്. രമ്യ ഹരിദാസ് അവിടെ എം.പിയായിരുന്നു. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ആളാണ്. പാലക്കാടേക്കാൾ മികച്ചതായിരുന്നു പ്രചാരണം. എന്നിട്ടും കണക്കുകൾ തെറ്റി. തോൽവിയെ കുറിച്ച് പഠിച്ച് തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും.
വി.ഡി.സതീശൻ
പ്രതിപക്ഷ നേതാവ്.
Source link